ബെംഗളൂരു: കർണാടകത്തിൽ മന്ത്രിസഭ വികസനം വൈകുന്നതിനോടൊപ്പം ബി.ജെ.പി.യിൽ പ്രതിസന്ധി മുറുകുന്നു. കൂടുതൽ മുതിർന്ന നേതാക്കൾ മന്ത്രി സ്ഥാനത്തിനായി രംഗത്തുവരുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇതോടൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കണമെന്ന ആവശ്യവും ശക്തമായി. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് വിമതനേതാവ് രമേശ് ജാർക്കിഹോളിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് കോൺഗ്രസിൽനിന്നും രാജിവെച്ചതെന്നാണ് വിമതരുടെ വാദം. ബി.ജെ. പി. യുടെ ബല്ലാരി മേഖലയിൽനിന്നുള്ള മുതിർന്ന നേതാവ് ബി. ശ്രീരാമുലുവിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് പാർട്ടിക്കുള്ളിലും ആവശ്യം ശക്തമായി.

പാർട്ടി ഏത് ചുമതല നൽകിയാലും സ്വീകരിക്കാൻ തയ്യാറാണെന്ന് ശ്രീരാമുലു പറഞ്ഞു. നിലവിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിച്ചാൽ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ടാകും. ഇത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും വാദമുണ്ട്. രമേശ് ജാർക്കിഹോളിയെ ഉപമുഖ്യമന്ത്രിയാക്കുന്നതിൽ ശ്രീരാമുലുവിന് എതിർപ്പുണ്ട്. കഴിഞ്ഞദിവസം നടന്ന മന്ത്രിസഭ യോഗത്തിൽ ശ്രീരാമുലു പങ്കെടുത്തിരുന്നില്ല. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സമ്മർദത്തിന്റെ ഭാഗമായാണ് യോഗത്തിൽനിന്നും വിട്ടുനിന്നതെന്നാണ് നേതാക്കളിൽനിന്നുള്ള വിവരം.

അതിനിടെ, ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എം. ടി.ബി. നാഗരാജ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. തന്നെയും എ.എച്ച്. വിശ്വനാഥിനെയും എം.എൽ. സി.യാക്കി മന്ത്രിയാക്കണമെന്നാണ് നാഗരാജിന്റെ ആവശ്യം. ഹൊസകോട്ടിൽതന്നെ പരാജയപ്പെടുത്തിയ ബി.ജെ.പി. വിമതൻ ശരത് ബച്ചഗൗഡയെ ബി.ജെ.പി. യിലേക്ക് എടുക്കരുതെന്നും നാഗരാജ് ആവശ്യപ്പെട്ടു. കോൺഗ്രസിൽ ചേരില്ലെന്ന് ശരത് ബച്ചഗൗഡ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഹൊസകോട്ടിൽ വിമതനായി മത്സരിച്ചതിനെത്തുടർന്ന് ശരത് ബച്ചഗൗഡയെ ബി. ജെ.പി.യിൽനിന്നും പുറത്താക്കുകയായിരുന്നു. പാർട്ടി മുതിർന്ന നേതാവും എം.പി.യുമായ ബച്ചഗൗഡയുടെ മകനാണ് ശരത് ബച്ചഗൗഡ. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചവരും തോറ്റവരും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ ഭീഷണിപ്പെടുത്തുകയാണെന്നും ബി. ജെ.പി.യിലെ പ്രതിസന്ധി സർക്കാരിന്റെ പതനത്തിനിടയാക്കുമെന്നും കോൺഗ്രസ് നേതാവ് ശിവങ്കർറെഡ്ഡി പറഞ്ഞു.