ബെംഗളൂരു: ബെംഗളൂരു-തൃശ്ശൂർ റൂട്ടിൽ മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ബസ് (അംബാരി ഡ്രീം ക്ലാസ്) സർവീസുമായി കർണാടക ആർ.ടി.സി. ഈ മാസം 26 മുതൽ പുതിയ സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽനിന്ന് രാത്രി 8.14-ന് പുറപ്പെടും. തൃശ്ശൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസും രാത്രി 8.14-ന് തന്നെയാണ്. 1,310 രൂപയാണ് ടിക്കറ്റ് നിരക്ക്.

യാത്രക്കാർക്ക് കർണാടക ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടർ വഴിയും ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവിൽ ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് അംബാരി ഡ്രീം ക്ലാസ് സർവീസ് നടത്തുന്നുണ്ട്. ഈ സർവീസിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതിനാലാണ് തൃശ്ശൂരിലേക്കും സർവീസ് ആരംഭിക്കുന്നത്. വരും ദിവസങ്ങളിൽ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അംബാരി ഡ്രീം ക്ലാസ് സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി. കേരള ഓഫീസർ ഇൻ ചാർജ് ജി. പ്രശാന്ത് പറഞ്ഞു.

പുതുവർഷത്തിൽ പുതിയതായി 55 വോൾവോ ബസുകൾ നിരത്തിലിറക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. ഇതിൽ നല്ലൊരു ശതമാനവും കേരളത്തിലേക്കാണ്. അംബാരി ഡ്രീം ക്ലാസ് സ്ലീപ്പർ ബസുകളും ഐരാവത് ബസുകളുമാകും പുതിയതായി ഇറക്കുക. നിലവിൽ കർണാടക ആർ.ടി.സി. കേരളത്തിലേക്ക് നാൽപതിലധികം ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ ആറ് എ.സി. സ്ലീപ്പർ ബസുകളും 10 നോൺ എ.സി. ബസുകളും 15 വോൾവോ ബസുകളും ഏഴ് സ്കാനിയ ബസുകളും ഒരു അംബാരി ഡ്രീം ക്ലാസ് സ്ലീപ്പർ ബസും ഉൾപ്പെടുന്നു.