ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കൂടുതൽ പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി. യാത്രാത്തിരക്ക് കൂടുതലുള്ള സെപ്റ്റംബർ ആറിന് എട്ട് അധിക സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ഇവയിലേക്കുള്ള റിസർവേഷൻ തുടങ്ങി. നേരത്തേ പ്രഖ്യാപിച്ച പ്രത്യേക സർവീസുകളിൽ ടിക്കറ്റ് തീർന്നതിനാലാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. ഈ ബസുകളിൽ ടിക്കറ്റ് തീരുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഹരിക്കാൻ കേരള ആർ.ടി.സി.യും കർണാടക ആർ.ടി.സി.യും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പല ബസുകളിലും ടിക്കറ്റ് തീർന്നു കഴിഞ്ഞു.

അതേസമയം, സ്വകാര്യബസുകൾ ഇരട്ടിയിലധികം നിരക്കാണ് യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്. യാത്രാത്തിരക്ക് കൂടുതലുള്ള സെപ്റ്റംബർ ആറിനും ഏഴിനും പല ബസുകളിലും രണ്ടായിരത്തിന് മുകളിലാണ് നിരക്ക്. തീവണ്ടികളിലും കേരള, കർണാടക ആർ.ടി.സി.കളിലും ടിക്കറ്റ് ലഭിക്കാത്തവരാണ് പലപ്പോഴും സ്വകാര്യ ബസുകളുടെ ചൂഷണത്തിനിരയാകുന്നത്. ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പേ ടിക്കറ്റ് തീർന്നിരുന്നു. യാത്രാത്തിരക്ക് പരിഹരിക്കാൻ പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും റെയിൽവേ മൗനം നടിക്കുകയാണ്.

പുതിയതായി പ്രഖ്യാപിച്ചവ

ബെംഗളൂരു-എറണാകുളം: രാത്രി 9.14, 8.33 (വോൾവോ)

ബെംഗളൂരു-തൃശ്ശൂർ: രാത്രി 9.40 (വോൾവോ)

ബെംഗളൂരു-പാലക്കാട്: രാത്രി 9.58 (വോൾവോ)

ബെംഗളൂരു-കോഴിക്കോട്: രാത്രി 9.18, 9.33 (വോൾവോ)

ബെംഗളൂരു-കണ്ണൂർ: രാത്രി 9.17 (രാജഹംസ), 9.41 (വോൾവോ).