ബെംഗളൂരു: ശമ്പള വര്‍ധന ആവശ്യപ്പെട്ട് കര്‍ണാടക ആര്‍.ടി.സി., ബി.എം.ടി.സി. ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍. സംസ്ഥാനത്ത് 55,000 കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും 35554 ബി.എം.ടി.സി. ജീവനക്കാരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 23,000 കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല. ഞായറാഴ്ച അര്‍ധരാത്രി മുതലാണ് സമരം ആരംഭിച്ചതെങ്കിലും മാണ്ഡ്യ, ഗദക് എന്നീ ജില്ലകളില്‍ ഞായറാഴ്ച ഉച്ചയോടെത്തന്നെ ജീവനക്കാര്‍ സമരം തുടങ്ങി.

25 ശതമാനം ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ബി.എം.ടി.സി.ജീവനക്കാര്‍ സമരം നടത്തുന്നത് നഗരജീവിതത്തെ സാരമായി ബാധിക്കും. ബസ് സമരത്തിന്റെ മറവില്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം, സമരത്തെ ശക്തമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ബെംഗളൂരു സര്‍വകലാശാലയും കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാലയും നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. സമരം ജനങ്ങളെ ബാധിക്കാതിരിക്കാതിരിക്കാനുള്ള ബദല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. സമരം തുടരുകയാണെങ്കില്‍ 80,000 മാക്‌സികാബുകള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ശമ്പളത്തില്‍ 25 ശതമാനം വര്‍ധനയില്ലാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് സി.ഐ.ടി.യു. സെക്രട്ടറി മഞ്ജുനാഥ് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശമ്പള വര്‍ധന നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പത്തു ശതമാനം വര്‍ധന ഏര്‍പ്പെടുത്താന്‍ മാത്രം അടുത്ത നാലു വര്‍ഷത്തിനിടെ 1550 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകണം. 30 ശതമാനം ഏര്‍പ്പെടുത്തണമെങ്കില്‍ 4500 കോടിയുടെ അധിക വരുമാനവും വേണം. ഇത് കോര്‍പ്പറേഷനെ വന്‍ നഷ്ടത്തിലാക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തിയേക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. ഗതാഗതമന്ത്രിയുമായും മുഖ്യമന്ത്രിയുമായുമുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ ത്തുടര്‍ന്നാണ് സമരം നടത്താന്‍ കര്‍ണാടക ആര്‍.ടി.സി. ജീവനക്കാര്‍ തീരുമാനിച്ചത്.

കേരളത്തിലേക്കുള്ള സര്‍വീസുകളും നിലച്ചു

ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സി. ജീവനക്കാരുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെയും ബാധിച്ചു. ഞായറാഴ്ച വൈകിയുള്ള പല സര്‍വീസുകളും മുടങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി അമ്പതോളം ബസ്സുകളാണ് കര്‍ണാടക ആര്‍.ടി.സി. സര്‍വീസ് നടത്തുന്നത്.
 
കേരളത്തിന്റെ തെക്കന്‍മേഖലകളിലേയ്ക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ നിലച്ചത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. കേരള ആര്‍.ടി.സി.യേക്കാള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് കര്‍ണാടക ആര്‍.ടി.സിയാണ്. വാരാന്ത്യങ്ങളിലാണ് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുന്നത്. ഇതിനാല്‍ സമരം തീര്‍ന്നില്ലെങ്കില്‍ കേരളത്തിലേക്കുള്ള യാത്ര വരുംദിവസങ്ങളില്‍ കൂടുതല്‍ ദുഷ്‌കരമാകും.