ബെംഗളൂരു: യാത്രയ്ക്കിടെ ലൈംഗിക ഉപദ്രവം നേരിട്ടതായുള്ള യുവതിയുടെ പരാതിയെ ത്തുടർന്ന് സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി കർണാടക ആർ.ടി.സി. ഇതിന്റെ ഭാഗമായി യാത്ര പുറപ്പെടുന്നതിന് മുമ്പ് ബസിലെ ജീവനക്കാർ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങൾ അറിയിക്കും. യാത്രയ്ക്കിടെ എന്തെങ്കിലും അസൗകര്യങ്ങൾ നേരിട്ടാൽ സഹായിക്കാനെത്തുകയും മോശമായി പെരുമാറരുതെന്ന് പുരുഷ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്യും. ബസിലും ബസ് സ്റ്റോപ്പുകളിലും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള കർണാടക ആർ.ടി.സി. മാനേജിങ് ഡയറക്ടറുടെ ഓഡിയോ, വീഡിയോ സന്ദേശവും യാത്രക്കാർക്കായി നൽകും.

അടുത്തിടെ സാഗറിൽനിന്ന് ബെംഗളൂരുവിലേക്കുവന്ന യാത്രക്കാരി തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പുലർച്ചെ രണ്ടു മണിയോടെ ബസ് ശിവമൊഗ കഴിഞ്ഞപ്പോൾ പുരുഷയാത്രക്കാരൻ മോശമായി സ്പർശിച്ചെന്നും ഇതേത്തുടർന്ന് തിരിച്ച് അടികൊടുത്തപ്പോൾ അയാൾ വേറെ സീറ്റിൽപ്പോയി ഇരുന്നെന്നുമായിരുന്നു യുവതി പോസ്റ്റ് ചെയ്തിരുന്നത്. സ്ത്രീകൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പോസ്റ്റിൽ വിവരിച്ചിരുന്നു. യുവതിയുടെ അനുഭവക്കുറിപ്പു കണ്ടവർ കർണാടക ആർ.ടി.സി. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. മാനേജിങ് ഡയറക്ടർ ശിവയോഗി സി. കലാസാദിനെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു.

നിലവിൽ കർണാടക ആർ.ടി.സിയുടെ എല്ലാ ബസിലും മധ്യത്തിലെ രണ്ട് സീറ്റ് സ്ത്രീകൾക്ക് മാത്രമുള്ളതാണ്. അതേസമയം, ദീർഘദൂര ബസുകളിൽ സ്ത്രീകൾക്കുള്ള സീറ്റ് മുൻവശത്ത് നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്. ഒറ്റയ്ക്കുള്ള സ്ത്രീകളോട് മുൻവശത്തെ സീറ്റ് ഒഴിവുണ്ടെങ്കിൽ ഇവിടേയ്ക്ക് ഇരിക്കാൻ ആവശ്യപ്പെടാറുണ്ടെന്നും ടിക്കറ്റ് ഓൺലൈനിൽ ജനറൽ സീറ്റ് ബുക്ക് ചെയ്യുമ്പോൾ അടുത്ത് പുരുഷയാത്രക്കാരനാകാൻ സാധ്യതയുണ്ടെന്ന അറിയിപ്പ് കൊടുക്കാറുണ്ടെന്നും കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു. കർണാടക ആർ.ടി.സി. ഒമ്പതിനായിരത്തോളം ബസുകൾ സർവീസ് നടത്തുകയും ദിവസേന 29 ലക്ഷം യാത്രക്കാർ ഈ സർവീസുകളെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. ബസിനകത്ത് സി.സി. ടി.വി. ക്യാമറകളും പാനിക് ബട്ടണുകളും സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല.

Content Highlights: Karnataka RTC, increasing security, women passengers