ബെംഗളൂരു : കുടക് ജില്ലയിലെ രാത്രി കർഫ്യുവിനെത്തുടർന്ന് മാക്കൂട്ടം വഴി കണ്ണൂരിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ ഈ മാസം 31 വരെ റദ്ദാക്കി. ഈ ബസുകൾ സുൽത്താൻ ബത്തേരി വഴി സർവീസ് നടത്താനാകുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

ഓണം പ്രമാണിച്ച് കുറച്ച്‌ ബസുകളെങ്കിലും റൂട്ട്‌ മാറ്റി സർവീസ് നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

റദ്ദാക്കിയ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ ലഭിക്കും. കേരളത്തിലെ മറ്റ്‌ ഭാഗങ്ങളിലേക്കുള്ള ബസുകൾ പതിവുപോലെ സർവീസ് നടത്തും.

നിലവിൽ കണ്ണൂർ ഒഴികെയുള്ള വിവിധ ഭാഗങ്ങളിലേക്ക് ബെംഗളൂരുവിൽനിന്നും മൈസൂരുവിൽ നിന്നുമായി കർണാടക ആർ.ടി.സി.യുടെ 26 ബസുകളാണ് സർവീസ് നടത്തുന്നത്. എറണാകുളം (9), തിരുവനന്തപുരം (2), കോട്ടയം (1), തൃശ്ശൂർ (3), പാലക്കാട് (2), കോഴിക്കോട് (8), ആലപ്പുഴ (1) എന്നിങ്ങനെയാണ് സർവീസുകൾ.

ഓണത്തോടനുബന്ധിച്ച് യാത്രക്കാർ കൂടിയാൽ ഈ സ്ഥലങ്ങളിലേക്ക് പ്രത്യേക സർവീസുകളുമുണ്ടാകും.

അതേസമയം, കണ്ണൂരിലേക്കുള്ള കേരള ആർ.ടി.സി.യുടെ ബസുകൾ ഓണം പ്രമാണിച്ച് സുൽത്താൻ ബത്തേരി വഴി സർവീസ് നടത്തും. നിലവിൽ 18, 19, 20 തീയതികളിൽ സർവീസ് നടത്താനാണ് തീരുമാനമായത്. ഓണത്തിനുശേഷവും ഇതുവഴി സർവീസ് നടത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

കുടക് ജില്ലയിൽ രാത്രി കർഫ്യു കർശനമാക്കിയതിനാൽ രാത്രിയിൽ അന്തസ്സംസ്ഥാന ഗതാഗതം അനുവദിക്കുന്നില്ല.

Content Highlights: Karnataka RTC cancelled Kannur buses