ബെംഗളൂരു: മകരസംക്രാന്തിയോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ബസ് സർവീസുകളുമായി കർണാടക ആർ.ടി.സി. പ്രധാന തീർഥാടനകേന്ദ്രങ്ങളായ ധർമസ്ഥല, തിരുപ്പതി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്ക് വെള്ളിയാഴ്ച മുതൽ 500-ഓളം അധികസർവീസ് തുടങ്ങി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസുകൾ. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കുചെയ്യുന്നവർക്ക് അഞ്ചുശതമാനം മുതൽ പത്തുശതമാനം വരെ ഇളവും നൽകും.

മെജസ്റ്റിക് ബസ് സ്റ്റാൻഡിൽനിന്ന് ധർമസ്ഥല, കുക്കിസുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്താപുര, ശൃംഗേരി, ഹോറനാടു, ദേവൻഗരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ച്ചൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. വിവിധ സ്ഥലങ്ങളിലേക്കുള്ള എ.സി. ബസുകൾ ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്നാണ് പുറപ്പെടുക. തിരുപ്പതി, ധർമസ്ഥല തുടങ്ങിയ തീർഥാടകകേന്ദ്രങ്ങളിലേക്കാണ് ഇവിടെനിന്ന്‌ ബസ് സർവീസുകളുണ്ടാകുക. കർണാടക ആർ.ടി.സി.യുടെ സൈറ്റിൽ ടിക്കറ്റുകൾ ബുക്കുചെയ്യാം.