ബെംഗളൂരു: കർണാടക ആർ.ടി.സി., ബി.എം.ടി.സി. ബസുകളുടെ നിരക്ക് വർധന സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.

ഡീസൽ വിലയും പരിപാലനച്ചെലവും വർധിച്ച സാഹചര്യത്തിൽ അടിയന്തരമായി ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകണമെന്ന് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കർണാടക ആർ.ടി.സി.യുടെ നാലുമേഖലകളും കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് നേരിടുന്നതെന്നും ഗതാഗതവകുപ്പ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

കഴിഞ്ഞവർഷം ഒക്ടോബറിൽ 18 ശതമാനം നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കർണാടക ആർ.ടി.സി. സർക്കാരിനെ സമീപിച്ചെങ്കിലും മുഖ്യമന്ത്രി നിരക്ക് വർധനയ്ക്ക്‌ അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ ഇത്തവണ എത്ര ശതമാനം നിരക്ക് വർധിപ്പിക്കണമെന്ന് കർണാടക ആർ.ടി.സി. നിർദേശം വെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ ഉചിതമായ നിരക്ക് തീരുമാനിക്കാനാണ് കർണാടക ആർ.ടി.സി. യുടെ പദ്ധതി.

2013-ലാണ് സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. ഇതിനുശേഷം പലതവണ ഡീസൽ വില വർധിക്കുകയും ജീവനക്കാരുടെ ശമ്പളത്തിൽ വർധന ഉണ്ടാകുകയും ചെയ്തു. ഇതോടെ വൻ ബാധ്യതയാണ് കർണാടക ആർ.ടി.സി.ക്കുണ്ടായത്. എന്നാൽ ഇതിനനുസരിച്ച് ടിക്കറ്റ് നിരക്ക് വർധിച്ചില്ല. ഗ്രാമീണമേഖലകളിൽ സർവീസ് നടത്തുന്ന പല ബസുകളും നഷ്ടത്തിലാണ്. ദീർഘദൂര സർവീസുകളാണ് ഇപ്പോഴും ലാഭത്തിലോടുന്നതെന്നും അധികൃതർ വ്യക്തമാക്കി. പരസ്യങ്ങളിൽനിന്നുള്ള വരുമാനത്തിലും വലിയതോതിൽ ഇടിവുണ്ടായി.

പഴയബസുകൾക്ക് പകരം ഇന്ധനക്ഷമതയേറിയ പുതിയ ബസുകൾ നിരത്തിലിറക്കാനും പദ്ധതിയുണ്ട്. ബി.എം.ടി.സി. ബസുകൾ വാടകയ്ക്കെടുക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ കർണാടക ആർ.ടി.സി.യുടെ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് ഗതാഗതവകുപ്പ് അധികൃതരുടെ വാദം.

Content Highlights: karnataka rtc bus charge hike