ബെംഗളൂരു: കർണാടക ആർ.ടി.സി. ദീർഘദൂര യാത്രയ്ക്കുള്ള അംബാരി ഡ്രീം ക്ലാസ് ബസുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. നിലവിൽ നഗരത്തിൽ 10 ബസുകളും മംഗളൂരുവിൽ രണ്ടു ബസുകളുമാണുള്ളത്. എറണാകുളം, ഹൈദരാബാദ്, സെക്കന്തരാബാദ്, പുണെ, വിജയവാഡ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ കുറഞ്ഞകാലം കൊണ്ടുതന്നെ യാത്രക്കാരുടെ പ്രീതി നേടിയിരുന്നു.

വാരാന്ത്യങ്ങളിൽ 70 ശതമാനത്തിലധികം ബുക്കിങ്‌ ഇത്തരം ബസുകളിലുണ്ടെന്ന് കർണാടക ആർ.ടി.സി. പറയുന്നു. മൾട്ടി ആക്‌സിൽ വോൾവോ സ്ലീപ്പർ ബസുകളാണ് അംബാരി ഡ്രീം ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ബസുകൾ പുറത്തിറക്കിയാൽ നിലവുള്ള റൂട്ടുകളിൽ കൂടുതൽ ബസുകൾ ഓടിക്കുന്നതോടൊപ്പം മുംബൈയിലേക്കും ഷിർദ്ദിയിലേക്കും പുതിയ സർവീസ് തുടങ്ങും. ഇതിനുള്ള അന്തിമഘട്ട നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. നവംബർ ആദ്യവാരത്തോടെ ബസുകൾ നിരത്തിലിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 46 യാത്രക്കാർക്ക് ഇത്തരം ബസുകളിൽ യാത്രചെയ്യാൻ കഴിയും.

കനത്തനഷ്ടം നേരിടുന്ന കർണാടക ആർ.ടി.സി. യ്ക്ക് ദീർഘദൂര ബസുകളുടെ സർവീസുകൾ ലാഭകരമാണ്. വിമാനവും തീവണ്ടിയും ഉൾപ്പെടെ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയെങ്കിലും ദീർഘദൂര ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല.

സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഒരുക്കാൻ കഴിഞ്ഞാൽ കൂടുതൽ യാത്രക്കാരെത്തുമെന്ന് അധികൃതർ പറയുന്നു. നേരത്തേ കർണാടക ആർ.ടി.സി. തുടങ്ങിയ ശൗചാലയ സൗകര്യമുള്ള ബസ് സർവീസായ ഫ്ളൈ ബസും ഏറെ ജനപ്രീതിയാർജിച്ചിരുന്നു.

അതേസമയം മഹാനവമിയോടനുബന്ധിച്ച് കൂടുതൽ സ്പെഷ്യൽ ബസുകൾ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ വ്യക്തമാക്കി.

Content Highlights: Karnataka RTC Ambari buses