ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി.യുടെ പ്രത്യേക ബസുകളിൽ റിസർവേഷൻ ആരംഭിച്ചു. നിലവിൽ ഓഗസ്റ്റ് 17, 23 തീയതികളിലായി ഏഴു പ്രത്യേക സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. കേരള ഇൻ ചാർജ് ജി. പ്രശാന്ത് അറിയിച്ചു. പ്രത്യേക സർവീസുകളിൽ ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞു.

പതിവ് ബസുകളിൽ ടിക്കറ്റുകൾ തീർന്നതിനെത്തുടർന്നാണ് കർണാടക ആർ.ടി.സി. പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. ഇത്തവണ ഓണാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി.യുടെ പതിവ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടില്ല. 960 രൂപയാണ് എറണാകുളത്തേക്കുള്ള വോൾവൊ ബസിലെ നിരക്ക്. അതേസമയം, പ്രത്യേക ബസുകളിൽ നിരക്കുയരും. മുൻ വർഷങ്ങളിൽ ഓണാവധിയോടനുബന്ധിച്ച് പതിവ് ബസുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയിരുന്നു. അവധിക്കുശേഷം കേരളത്തിൽനിന്ന് തിരിച്ച് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകൾ നടത്തും.

ഓണാവധിക്ക് നാട്ടിൽ പോകാൻ ടിക്കറ്റ് ലഭിക്കാതിരുന്ന നിരവധി മലയാളികൾക്ക് ആശ്വാസമായിരിക്കുകയാണ് കർണാടക ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ. അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി. യും പ്രത്യേക സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17 മുതൽ 26 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 70 പ്രത്യേക സർവീസുകളാണ് നടത്തുക. കേരളത്തിൽനിന്ന് തിരിച്ച് ബെംഗളൂരുവിലേക്കും പ്രത്യേക ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് 19, 25, 29, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് മടക്കയാത്രയ്ക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ഇവയിലെ ബുക്കിങ് ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് മലയാളികൾ.

പ്രത്യേക ബസുകൾ:

ഓഗസ്റ്റ് 17: രാത്രി 8.33: ബെംഗളൂരു - കമളി (രാജഹംസ), ബെംഗളൂരു - കോട്ടയം (വോൾവൊ). ഓഗസ്റ്റ് 23: രാത്രി 9.20: ബെംഗളൂരു - എറണാകുളം (വോൾവൊ), 9.32: ബെംഗളൂരു-തൃശ്ശൂർ (വോൾവൊ), 9.58: ബെംഗളൂരു - പാലക്കാട് (വോൾവൊ), 7.44: ബെംഗളൂരു - കോട്ടയം (വോൾവൊ), 8.30: ബെംഗളൂരു - കുമളി (രാജഹംസ).