ബെംഗളൂരു: പ്രളയബാധിത മേഖലയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് കർണാടക ആർ.ടി.സി. ക്ക്‌ നഷ്ടം 5.5 കോടിരൂപ. ഈ മാസം എട്ടിനും 12-നുമിടയിൽ 2,702 സർവീസുകൾ പൂർണമായും 4,060 സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മംഗളൂരു, മുംബൈ, മഡിക്കേരി, കുന്ദാപുര തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള സർവീസുകളാണ് വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ കാരണം റദ്ദാക്കിയത്. സർവീസ് നടത്താൻ സാധിക്കാത്തതിനാൽ ഓൺലൈൻ ബുക്കിങ് നിർത്തിവെയ്ക്കുകയും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് കാശ് തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

45,233 ടിക്കറ്റുകളാണ് റദ്ദാക്കിയത്. 2.67 കോടി രൂപ യാത്രക്കാർക്ക് തിരിച്ച് നൽകി. കർണാടക ആർ.ടി.സി., ബി.എം.ടി.സി., നോർത്ത് വെസ്റ്റ് കെ.ആർ.ടി.സി., നോർത്ത് ഈസ്റ്റ് കെ.ആർ.ടി.സി. എന്നിവയിലെ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി. സ്റ്റാഫ് ആൻഡ്‌ വർക്കേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.

കഴിഞ്ഞവർഷം കുടകിലെ പ്രളയബാധിതർക്കായി ഒരുദിവസത്തെ ശമ്പളം നൽകിയിരുന്നെങ്കിലും ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറാൻ അധികൃതർ വൈകിയിരുന്നു. അതിനാൽ, ഇത്തവണ ജീവനക്കാരുടെ കൈയിൽനിന്ന് പണം ലഭിക്കുന്നയുടൻ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.

Content Highlights: Karnataka Flood Karnataka RTC have loss of 5.5 crore