മൈസൂരു: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ ദളിത് സമുദായാംഗങ്ങളുമായി ഭക്ഷണം കഴിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രം മാത്രമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവില്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയായിരിക്കേ ദളിത് സമുദായത്തിന് ഗുണങ്ങളൊന്നും സമ്മാനിക്കാന്‍ യെദ്യൂരപ്പയ്ക്ക് സാധിച്ചിട്ടില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുമായി താനും മറ്റു കോണ്‍ഗ്രസ് നേതാക്കളും എപ്പോഴും ഇടപഴകാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും തയ്യാറായിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ബി.ജെ.പി.യ്ക്ക് യാതൊരുവിധ അവകാശവുമില്ല. ബി.ജെ.പി. സംസ്ഥാനത്ത് നടത്താന്‍ പോവുന്ന 'പരിവര്‍ത്തന യാത്ര' കോണ്‍ഗ്രസ് സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍വേണ്ടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും മാജിക് കര്‍ണാടകയില്‍ വിജയിക്കാന്‍പോവുന്നില്ല. വര്‍ഗീയതയാണ് ബി.ജെ.പി.യുടെ യഥാര്‍ഥ അജന്‍ഡ. മതത്തിന്റെപേരില്‍ അക്രമം നടത്താന്‍ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ 'മന്‍ കീ ബാത്തി'ലെ പരാമര്‍ശം വാക്കുകളില്‍മാത്രം ഒതുങ്ങുന്നതാണ്. ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ ബി.ജെ.പി.ക്ക് സാധിക്കുന്നില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

നിലവില്‍ കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ. സര്‍ക്കാരിന് കടമ നിര്‍വഹിക്കാനുള്ള ശേഷിയില്ല. 2019-ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷമായ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍വരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബെംഗളൂരുവില്‍ ആരംഭിച്ച ഇന്ദിരാ കാന്റീന്‍ വന്‍ വിജയമാണെന്നും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും ഇത്തരം കാന്റീനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.