ബെംഗളൂരു: കര്‍ണാടകത്തിന് സ്വന്തമായി പതാക രൂപപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പരോക്ഷ എതിര്‍പ്പുമായി പ്രതിപക്ഷ കക്ഷികളായ ബി.ജെ.പി.യും, ജനതാദളും രംഗത്തെത്തി. സ്വന്തംപതാകയെന്ന ആവശ്യത്തെ തള്ളിക്കളയാതെ മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഭരണ പരാജയം മറച്ചു വെക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണിതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണ് മുഖ്യമന്ത്രിയുടേതെന്ന് ജനതാദള്‍ നേതാക്കള്‍ പറഞ്ഞു.

സര്‍ക്കാര്‍ നീക്കം ദേശവിരുദ്ധമാണെന്നും, സര്‍ക്കാര്‍ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നടത്തിയ രാഷ്ട്രീയ നീക്കം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളിലും പരാജയമാണെന്നും അതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഏറ്റവും നല്ല മാര്‍ഗമായാണ് മുഖ്യമന്ത്രി ഇതു കാണുന്നതെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി. എസ്. യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ കര്‍ണാടകത്തിന് പ്രത്യേക പതാകയെന്ന നീക്കത്തിനോട് പാര്‍ട്ടി എതിരല്ല. പ്രതിപക്ഷത്തോടുപോലും ആലോചിക്കാതെയാണ് സിദ്ധരാമയ്യ ഈ നീക്കം നടത്തിയത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നുള്ള കാര്യം ഉടന്‍ തന്നെ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കര്‍ണാടകത്തിന് സ്വന്തം പതാകയെന്ന ആവശ്യം ദേശീയതക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവര്‍ത്തിച്ചു. സംസ്ഥാനത്തിന് സ്വന്തമായി ഗാനമുണ്ട്. അത് സ്‌കൂളുകളില്‍ പാടുന്നതില്‍നിന്ന് ആരും വിലക്കിയിട്ടില്ല. അത് ദേശീയഗാനത്തെ ബാധിച്ചിട്ടുമില്ല. പതാകയുടെ കാര്യവും അതുപോലെത്തന്നെയാണ്. ഇക്കാര്യത്തില്‍ യാതൊരു വിലക്കും ഭരണഘടന ഏര്‍പ്പെടുത്തിയിട്ടില്ല. പ്രതിപക്ഷമാണ് ഈ പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

അതിനിടെ സിദ്ധരാമയ്യക്ക് പിന്തുണയുമായി നിയമമന്ത്രി ടി.ബി. ജയചന്ദ്രയും രംഗത്തെത്തി. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ദേശീയ പതാകയെപ്പറ്റി മാത്രമുള്ളതാണെന്നും, സംസ്ഥാനങ്ങള്‍ സ്വന്തം പതാക രൂപീകരിക്കുന്നതിനെതിരേ ഇതില്‍ പരാമര്‍ശങ്ങളൊന്നുമില്ലെന്നും ജയചന്ദ്ര പറഞ്ഞു.