ബെംഗളൂരു: റിപ്പബ്ലിക്ക്ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കര്‍ണാടക ആര്‍.ടി.സി. കേരളത്തിലേക്ക് രണ്ട് പ്രത്യേക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. എറണാകുളത്തേക്ക് ഐരാവത് വോള്‍വോയും കോഴിക്കോട്ടേയ്ക്ക് നോണ്‍ എ.സി. ബസ്സുമാണ് പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിലേക്ക് ആകെ 16 പ്രത്യേക സര്‍വീസുകളായി. തിരക്ക് കൂടുതലുള്ള 25-നാണ് പ്രത്യേക ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്.

എറണാകുളം- (മള്‍ട്ടി ആക്‌സില്‍ വോള്‍വോ-2, ടിക്കറ്റ്-1480 രൂപ, ഐരാവത് വോള്‍വൊ-1), കോട്ടയം- (ഐരാവത് വോള്‍വൊ-2, ടിക്കറ്റ്-1410), തൃശൂര്‍- (ഐരാവത് വോള്‍വോ-2, ടിക്കറ്റ്-1300), പാലക്കാട്- (മള്‍ട്ടി ആക്‌സില്‍ വോള്‍വൊ-2, ടിക്കറ്റ്-1200), കോഴിക്കോട്-(ഐരാവത് വോള്‍വോ-2, ടിക്കറ്റ്-1060, നോണ്‍ എ.സി രാജഹംസ-1), കണ്ണൂര്‍-(ഐരാവത് വോള്‍വൊ-2, ടിക്കറ്റ്-690), മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് 2 ഐരാവത് വോള്‍വോ എന്നിങ്ങനെയാണ് ബസ്സുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള ബസ്സുകള്‍ രാത്രി 7.30യ്ക്ക് ശേഷം ശാന്തിനഗര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നായിരിക്കും പുറപ്പെടുക.

കര്‍ണാടക ആര്‍.ടി.സിയുടെ പ്രത്യേക ബസ്സുകളിലും ടിക്കറ്റുകള്‍ ഏറെക്കുറെ വിറ്റുതീര്‍ന്നു. ചില ബസ്സുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. തിരക്കുപരിഗണിച്ച് കൂടുതല്‍ പ്രത്യേകബസ്സുകള്‍ അനുവദിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

അതേസമയം, റിപ്പബ്ലിക് അവധിക്ക് ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ കേരള ആര്‍.ടി.സി. പ്രത്യേക ബസ്സുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഉത്സവകാലങ്ങളില്‍ പ്രത്യേക ബസ്സുകള്‍ വൈകി പ്രഖ്യാപിക്കുന്ന പതിവ് ഇത്തവണയും കേരള ആര്‍.ടി.സി. തുടരാനാണ് സാധ്യത. കേരള ആര്‍.ടി.സിയുടെ പതിവ് സര്‍വീസുകളിലെല്ലാം ടിക്കറ്റ് തീര്‍ന്നു. പ്രത്യേക ബസ്സുകള്‍ പ്രഖ്യാപിക്കുന്നതനുസരിച്ച് അവധി തീരുമാനിക്കാനിരിക്കുന്നവര്‍ നിരവധിയാണ്.

തീവണ്ടികളില്‍ ഒരു മാസം മുമ്പുതന്നെ ടിക്കറ്റുകള്‍തീര്‍ന്നിരുന്നു. തീവണ്ടികളിലും കേരള, കര്‍ണാടക ആര്‍.ടി.സി. ബസ്സുകളിലും ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ സ്വകാര്യബസ്സുകളെ ആശ്രയിക്കുകയെ നിവൃത്തിയുള്ളൂ.