ബെംഗളൂരു: കര്‍ണാടകത്തിലെ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ അനുപമാ ഷേണായ് രാഷ്ട്രീയത്തിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി.ടി. പരമേശ്വര നായിക്കുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. സ്ഥാനം രാജിവെച്ച അനുപമാ ഷേണായ് ജനശ്രദ്ധനേടിയ പോലീസ് ഉദ്യോഗസ്ഥയായിരുന്നു. കര്‍ണാടക സംസ്ഥാന പിറവിദിനാഘോഷമായ കന്നഡ രജ്യോത്സവ ദിനമായ നവംമ്പര്‍ ഒന്നിന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും.
 
ഫെയ്‌സ്ബുക്ക് വഴിയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് അനുപമാ ഷേണായ് 2016 ജൂണില്‍ രാജിവെച്ചത്. ഉഡുപ്പിയിലെ വീട്ടില്‍ സുഹൃത്തുക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് പാര്‍ട്ടി രൂപവത്കരണം പ്രഖ്യാപിച്ചത്.

ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ചനടത്തിയെങ്കിലും പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. ഹിന്ദിമേഖലയില്‍ സ്വാധീനമുള്ള ആം ആദ്മി പാര്‍ട്ടിക്ക് കര്‍ണാടകത്തില്‍ ജനങ്ങളില്‍ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്ന വാദം ചൂണ്ടിക്കാട്ടിയാണ് തീരുമാനം മാറ്റിയത്.
 
പലരും ബി.ജെ.പി.യില്‍ ചേരണമെന്ന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നതിനാലാണ് ക്ഷണം നിഷേധിച്ചതെന്ന് അനുപമാ ഷേണായ് പറഞ്ഞു. ബെല്ലാരിയിലെ മദ്യ മാഫിയകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചതാണ് അനുപമ ഷേണായിയെ ജനശ്രദ്ധയിലെത്തിച്ചത്. അതിനാല്‍ ബെല്ലാരിയില്‍വെച്ചുതന്നെ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് തീരുമാനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 224 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് അനുപമാ ഷേണായ് പറഞ്ഞു. അഴിമതിക്കും മദ്യമാഫിയക്കുമെതിരേ ശക്തമായ പേരാട്ടം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.