ബെംഗളൂരു: കേന്ദ്ര ബജറ്റിൽ രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങളൊന്നുമില്ലെന്ന് ജെ.ഡി.എസ്. ദേശീയ നിർവാഹക സമിതി യോഗത്തിൽ അവതരിപ്പിച്ച കരട് സാമ്പത്തിക പ്രമേയത്തിൽ കുറ്റപ്പെടുത്തി. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ അധ്യക്ഷത വഹിച്ചു.യോഗത്തിൽ കരട് സാമ്പത്തിക, രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു.
നോട്ട് അസാധുവാക്കലും ജി. എസ.് ടി.യും സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചുവെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച പാലസ് ഗ്രൗണ്ടിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ എച്ച്. ഡി. ദേവഗൗഡ, എച്ച്.ഡി. കുമാരസ്വാമി, എച്ച്. ഡി. രേവണ്ണ തുടങ്ങി പ്രമുഖ നേതാക്കളും ഭാരവാഹികളും പങ്കെടുക്കും. ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ ദേശീയ നിർവാഹക സമിതി യോഗത്തിൽ ചർച്ച ചെയ്തു.
കേരളത്തിൽനിന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി, സംസ്ഥാന പ്രസിഡന്റ് സി. കെ. നാണു എം. എൽ. എ, അഡ്വ. മാത്യു. ടി. തോമസ് എം.എൽ. എ, ദേശീയ സെക്രട്ടറി ഡോ. നീലലോഹിതദാസ്, ജോസ് തെറ്റയിൽ, ജമീല പ്രകാശം, അഡ്വ. ജോർജ് തോമസ്, കെ. ലോഹ്യ, സഹറുള്ള, പി.പി. ദിവാകരൻ എന്നിവർ പങ്കെടുത്തു. രണ്ട് ദിവസത്തെ സമ്മേളനത്തിൽ 168 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Content Highlights: JDS blames central's economic policies