ബെംഗളൂരു: പോലീസിന്റെ തന്ത്രപരമായ നീക്കമാണ് റെഡ്ഡിയെ കുടുക്കിയത്. കേസിന് രാഷ്ട്രീയനിറം വരാതെ നോക്കാനും പോലീസ് ശ്രമിച്ചു. നിക്ഷേപതട്ടിപ്പ് കേസിൽ ജനാർദന റെഡ്ഡിക്ക് പങ്കുണ്ടെന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് തെളിവുലഭിച്ചെങ്കിലും പുറത്തുവിട്ടില്ല. കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതായിരുന്നു കാരണം. തട്ടിപ്പ് നടത്തിയ ആംബിഡന്റ് കമ്പനി ഉടമ സയിദ് അഹമ്മദ് ഫരീദിനെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരം പോലീസ് രഹസ്യമാക്കി.

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷമാണ് റെഡ്ഡിക്കെതിരേയുള്ള അന്വേഷണം പുറത്തുവിട്ടത്. ഇതോടെ റെഡ്ഡി ഒളിവിൽപ്പോയി. നാല് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, ജനാർദന റെഡ്ഡിക്കെതിരേ അറസ്റ്റുവാറന്റിന് പോലീസ് ശ്രമിച്ചില്ല. നാലുദിവസം കഴിഞ്ഞിട്ടും റെഡ്ഡിയെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് അറസ്റ്റുചെയ്യുമെന്ന വിവരം പോലീസ് പുറത്തുവിട്ടു. റെഡ്ഡിയുടെ അഭിഭാഷകരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാൻ ഹാജരാകണമെന്നും റെഡ്ഡിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടിസും നൽകി. പോലീസിനുമുന്നിൽ ഹാജരായപ്പോൾ വ്യക്തമായ തെളിവുകളോടെയാണ് പോലീസ് ചോദ്യംചെയ്തത്. കോഴപ്പണം നൽകിയ സയ്യിദ് അഹമ്മദ് ഫരീദിനെയും സഹായി അലി ഖാനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്തതിലൂടെ ജനാർദന റെഡ്ഡിക്ക് ഇടപാട് സമ്മതിക്കേണ്ടിവന്നു.

മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ നൽകിയതിനാൽ അറസ്റ്റുണ്ടാവില്ലെന്ന ധാരണയായിരുന്നു അഭിഭാഷകർക്കുണ്ടായത്. ജനാർദന റെഡ്ഡി നൽകിയ അപേക്ഷയിൽ തിങ്കളാഴ്ച വാദം നടക്കാനിരിക്കെയാണ് അറസ്റ്റ്. എന്നാൽ, കേസിന്റെ ഗൗരവം കണക്കിലെടുത്ത്‌ അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. അന്വേഷത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ടും റെഡ്ഡി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നഗരത്തിലെ പണമിടപാടുകാരെയും കുഴൽപ്പണ മാഫിയകളെയും നിയന്ത്രിക്കുന്നതിനാണ് കർശന നടപടിയിലൂടെ ശ്രദ്ധേയരായ ഉദ്യോഗസ്ഥരെ നഗരത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള പദവിയിൽ കൊണ്ടുവന്നത്.

പണമിടപാടുകാരും കുഴൽപ്പണ മാഫിയകളും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അലോക് കുമാറിനെ അഡീഷണൽ പോലീസ് കമ്മിഷണറായും സി.പി. ഗിരീഷിനെ ഡെപ്യൂട്ടി കമ്മിഷണറായും നിയമിച്ചത്. നഗരത്തിലെ പണമിടപാടുകാരെക്കുറിച്ചുള്ള അന്വേഷണമാണ് ചെയിൻ മാർക്കറ്റിങ് കമ്പനിയായ ആംബിഡന്റ് ഗ്രൂപ്പിലേക്കെത്തിയത്. കഴിഞ്ഞവർഷത്തെ കേസിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കേസിൽ ജാമ്യത്തിലിറങ്ങിയ കമ്പനി ഉടമയെ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് ജനാർദന റെഡ്ഡിയുടെ പങ്കിനെക്കുറിച്ച് വ്യക്തമാകുന്നത്. കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽനിന്ന്‌ 600 കോടി നിക്ഷേപം സമാഹരിച്ച് തട്ടിപ്പ് നടത്തിയ കമ്പനിയിൽ ആദായനികുതി വകുപ്പും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കേസും എടുത്തു. ഇതൊഴിവാക്കുന്നതിനാണ് കമ്പനി ഉടമയിൽനിന്ന്‌ 20 കോടി ജനാർദന റെഡ്ഡി വാങ്ങിയത്. റെഡ്ഡിയിൽനിന്ന്‌ പണം പിടിച്ചെടുത്ത് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നൽകാനാണ് തീരുമാനം. കേസിൽ വീണ്ടും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.