ബെംഗളൂരു: സാഹിത്യ അഭിരുചിയുള്ള ബെംഗളൂരുവിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ മനുഷ്യലൈബ്രറിക്ക് ഇന്ദിരാനഗറില്‍ തുടക്കമായി. ജീവിതത്തിന്റെ വിവിധതലങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരും പ്രതിസന്ധികളെ തരണംചെയ്ത് വിജയം നേടിയവരുമാണ് ആദ്യദിവസം മനുഷ്യപുസ്തകമായി ലൈബ്രറിയില്‍ എത്തിയത്. ഇവരുടെ അനുഭവങ്ങള്‍ 20 മുതല്‍ 30 മിനിറ്റ് നേരം വായനക്കാര്‍ ശ്രവിച്ചു. എട്ട് മനുഷ്യപുസ്തകങ്ങളുമായിട്ടാണ് ലൈബ്രറി ആരംഭിച്ചത്. ആദ്യദിവസം തന്നെ ഇരുന്നൂറ്റിഅമ്പതോളം വായനക്കാരുണ്ടായിരുന്നു.

ഡെല്‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ മനുഷ്യലൈബ്രറിക്ക് ലഭിച്ച സ്വീകാര്യതയാണ് ബെംഗളൂരുവിലും തുടങ്ങാന്‍ പ്രേരിപ്പിച്ചത്. മനുഷ്യപുസ്തകമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ അവരുടെ കഥകളും അനുഭവങ്ങളും പങ്കുവെക്കാം. ജീവിതത്തിലുണ്ടായ ഏതെങ്കിലും അനുഭവങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കാം.
 
നല്ലതെന്നുതോന്നുന്ന അനുഭവങ്ങളും കഥകളും തിരഞ്ഞെടുത്ത് അവരെ മനുഷ്യലൈബ്രറിയില്‍ എത്തിക്കും. സാഹിത്യരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റോഷ്‌നി റോസ്, റിയാ ആന്‍ഡ്രൂസ്, അനുരാഗ് നായര്‍, സൃഷ്ടി ശ്രീവാസ്തവ, ദീപിക എന്നിവരാണ് ബെംഗളൂരുവില്‍ മനുഷ്യലൈബ്രറിക്ക് നേതൃത്വംകൊടുക്കുന്നത്. ഇന്ത്യയില്‍ ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മനുഷ്യലൈബ്രറികള്‍ ഉള്ളത്.