ബെംഗളൂരു: പ്രണയദിനത്തിൽ കുതിരകളുടെ വിവാഹം നടത്തി കന്നഡ സംഘടനാനേതാവ് വട്ടാൾ നാഗരാജ്. ബെംഗളൂരു കബൺ പാർക്കിൽവെച്ചാണ് രാജയെന്നും റാണിയെന്നും പേരുള്ള കുതിരകളെ വിവാഹം കഴിപ്പിച്ചത്. നാദസ്വരവും തകിലും കൊട്ടും പാട്ടുമായി ആഘോഷപൂർവം നടന്ന വിവാഹത്തിൽ വട്ടാൾ നാഗരാജിന്റെ ഒട്ടേറെ അനുയായികളും പങ്കെടുത്തു.

കുതിരകൾക്കുവേണ്ടി താലിയും വസ്ത്രവും ഉൾപ്പെടെ വാങ്ങിയിരുന്നു. പങ്കെടുത്തവർക്ക് മുഴുവൻ മധുരവും വിതരണംചെയ്തു. പ്രണയദിനത്തിന് എതിരേ പ്രവർത്തിക്കുന്ന ചില സംഘടനകൾക്ക് താക്കീത് നൽകുകയും പ്രണയിക്കുന്നവർക്ക് പിന്തുണ നൽകുകയുമാണ് വിവാഹത്തിലൂടെ ലക്ഷ്യമിട്ടതെന്ന് വട്ടാൾ നാഗരാജ് പറഞ്ഞു. പ്രണയിക്കുന്നവർക്ക് വിവാഹിതരാകാൻ സർക്കാർ ധനസഹായം നൽകണമെന്നും നാഗരാജ് ആവശ്യപ്പെട്ടു.

കഴിഞ്ഞവർഷം പ്രണയദിനത്തിൽ ജേക്കബ് എന്നും കരോളിൻ എന്നും പേരുള്ള ആടുകളെ വിവാഹം കഴിപ്പിച്ച് വട്ടാൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Content Highlights: horses marriage on Valentine's day