ബെംഗളൂരു: മഴക്കെടുതി ദുരിതാശ്വസ പ്രവർത്തനത്തിന് സാമ്പത്തികസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന് 3000 കോടിയുടെ അടിയന്തര സാമ്പത്തികസഹായം അനുവദിക്കണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു. അർഹമായ സാമ്പത്തികസഹായം പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കനത്തമഴയിൽ 17 ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. 40,000 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. റോഡുകളും പാലങ്ങളും പുനർനിർമിക്കണം. വീടുകൾ തകർന്നവർക്ക് അഞ്ച് ലക്ഷം രൂപ സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ 62 പേർ മരിച്ചു. 14 പേരെ കാണാതായി. മഴകുറഞ്ഞതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നുവരികയാണ്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമലാ സീതാരാമൻ എന്നിവർ സംസ്ഥാനത്തെത്തി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. നാശനഷ്ടങ്ങൾ കേന്ദ്രസർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അടിയന്തര സാമ്പത്തികസഹായം വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.

എന്നാൽ സാമ്പത്തിക സഹായം വൈകുന്നതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ അടിയന്തര സഹായമായി 5000 കോടി അനുവദിക്കണമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 943 ദുരിതാശ്വാസ ക്യമ്പുകളിലായി 3.57 ലക്ഷം പേരാണ് കഴിയുന്നത്. 71,234 വീടുകൾ തകർന്നു. 5.35 ലക്ഷം ഹെക്ടർ കൃഷിസ്ഥലം വെള്ളംകയറി നശിച്ചു.

Content Highlights: Heavy rain Yeddyurappa meets Prime minister