ബെംഗളൂരു: ഭൂമി അഴിമതിക്കേസിൽ പ്രത്യേക കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ നാലാഴ്ചത്തേക്ക് ഒഴിവാക്കികൊണ്ട് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ ആവശ്യത്തിനായി സ്ഥലം ഏറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് നൽകിയെന്നാണ് പരാതി.

ഇതിൽ ഒക്‌ടോബർ നാലിന് നേരിട്ട് ഹാജരാകണമെന്ന് ജനപ്രതിനിധികൾക്കെതിരേയുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കുമാരസ്വാമി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

2007-ൽ മുഖ്യമന്ത്രിയായിരിക്കെയാണ് കുമാരസ്വാമി വിജ്ഞാപനം റദ്ദാക്കിയത്. പൊതുപ്രവർത്തകനായ മഹാദേവ സ്വാമിയാണ് പരാതി നൽകിയത്. പാർപ്പിട ലേ ഔട്ടിനായി സ്ഥലം ഏറ്റെടുത്തുള്ള ബെംഗളൂരു വികസന അതോറിറ്റിയുടെ വിജ്ഞാപനം റദ്ദാക്കി സ്വകാര്യ വ്യക്തിക്ക് നൽകിയെന്നാണ് പരാതി. സ്ഥലം സ്വന്തമാക്കിയ വ്യക്തി മറിച്ചുവിറ്റ് കോടിക്കണക്കിന് രൂപ നേടിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

content highlights: hd kumaraswamy land case