ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിച്ച സംഘത്തിന്റെ തലവനുൾപ്പെടെ ആറു പോലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2019-ലെ മെഡൽ ഫോർ എക്‌സലൻസ് പുരസ്കാരം ലഭിച്ചു. ഡി.സി.പി. എം.എൻ. അനുചേത്, സി.ഐ.ഡി. ഡിവൈ.എസ്.പി. ടി. രംഗപ്പ, മൈസൂരു കുവെംപുനഗർ ഇൻസ്പെക്ടർ ജി.സി. രാജ, കോലാർ എ.എസ്.പി. എസ്. ജാൻവി, സി.ഐ.ഡി. ഡിവൈ.എസ്.പി. കെ. രവിശങ്കർ, മാലൂർ ഇൻസ്പെക്ടർ ബി.എസ്. സതീഷ് എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.

ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്നു അനുചേത്. ഒരു തുമ്പുപോലുമില്ലാതിരുന്ന കേസിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോയി നിർണായക വിവരങ്ങൾ കണ്ടെത്തിയതിൽ അനുചേതിന്റെ പങ്ക് വലുതാണ്. ദിവസം 18 മണിക്കൂറിലേറെ ജോലിചെയ്താണ് കേസിലെ നിർണായക വിവരങ്ങൾ കണ്ടെത്തിയത്.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്ക് ഗോവിന്ദ് പാൻസരെ, നരേന്ദ്ര ദാഭോൽക്കർ, എം.എം. കലബുർഗി തുടങ്ങിയവരുടെ വധവുമായി ബന്ധമുണ്ടെന്ന വിവരം കണ്ടെത്തിയത് അന്വേഷണസംഘത്തിന്റെ മിടുക്കുകൊണ്ടായിരുന്നു.

Content Highlights: Gauri Lankesh murder case probe team awarded Union Home Minister's medal