ബെംഗളൂരു: ടോള്‍ ബൂത്തുകളില്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാന്‍ ഫാസ്ടാഗ് സംവിധാനം ആരംഭിച്ചതോടെ യാത്രസമയം ലാഭിച്ച് കര്‍ണാടക ആര്‍.ടി.സി. 8,317 ബസുകളില്‍ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. ടോള്‍ ബൂത്തുകളിലെത്തുമ്പോള്‍ തനിയെ ടോള്‍ പണം അടയ്ക്കുന്ന ഇലക്ട്രോണിക് ടോള്‍ പേമെന്റ് സംവിധാനം രണ്ടുമാസം മുമ്പാണ് നടപ്പാക്കിയത്. ആദ്യം കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള സര്‍വീസുകളിലായിരുന്നു ആരംഭിച്ചത്. ഇപ്പോള്‍ എല്ലാ ബസുകളിലും ഫാസ്ടാഗ് നടപ്പാക്കിയിരിക്കുകയാണ്. കേരളത്തിലേക്കുള്ള യാത്രാ സമയവും കുറഞ്ഞതിനാല്‍ ആയിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനമാണ്.

വാഹനം നിര്‍ത്താതെ തന്നെ പണമടയ്ക്കാന്‍ സാധിക്കും. പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് തനിയെ ടോള്‍ തുക പിന്‍വലിക്കപ്പെടുന്ന സംവിധാനമാണ് ഇത്. ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബൂത്തുകളില്‍ പ്രത്യേക പാതയുണ്ടാകും. കര്‍ണാടക ആര്‍.ടി.സി.യുടെ ദീര്‍ഘദൂര ബസുകള്‍ ടോള്‍ ബൂത്തുകളില്‍ മണിക്കൂറുകളോളം സമയം നഷ്ടപ്പെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ദീര്‍ഘദൂര സര്‍വീസുകളുടെ യാത്രാസമയത്തില്‍ രണ്ടു മണിക്കൂര്‍ വരെ ലാഭമുണ്ടെന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള സര്‍വീസിന് സാധാരണഗതിയില്‍ 18 മണിക്കൂറാണ് യാത്രാസമയം വേണ്ടത്. ഫാസ്ടാഗ് സംവിധാനം വന്നതോടെ 16 മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാം.

ദിവസേന 90- മുതല്‍ 100- വരെ ടോള്‍ ബൂത്തുകളിലൂടെ കടന്നു പോകുന്ന അയ്യായിരത്തോളം കര്‍ണാടക ആര്‍.ടി.സി. ബസുകളുണ്ട്. ബെംഗളൂരു- എറണാകുളം റൂട്ടില്‍ ഒമ്പത് ടോള്‍ ബുത്തുകളാണ് ഉള്ളത്. നേരത്തേ ടോള്‍ ബൂത്തുകളില്‍ ഏറെനേരം കാത്തുകിടക്കേണ്ടി വരുന്നതിനാല്‍ കേരളത്തിലേക്കുള്ള യാത്രയ്ക്ക് സമയം കൂടുതല്‍ വേണമായിരുന്നു. യാത്രികര്‍ക്കും ഇത് ബുദ്ധിമുട്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ബസുകളില്‍ ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കര്‍ണാടക ആര്‍.ടി.സി. തീരുമാനിച്ചത്. ഒരു മാസം അഞ്ചു കോടിയോളം രൂപയാണ് ടോള്‍ നല്‍കുന്നത്. ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ ഗതാഗതവകുപ്പിന് വര്‍ഷത്തില്‍ പതിനഞ്ച് കോടിയോളം രൂപ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.