ബെംഗളൂരു: ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വൻവിജയത്തിൽ ആഹ്ലാദംപ്രകടിപ്പിച്ച് കർണാടകത്തിലെ പാർട്ടി പ്രവർത്തകർ. ബ്രിഗേഡ് റോഡിന് സമീപത്തെ വുഡ്‌സ്ട്രീറ്റിലെ ആം ആദ്മി പാർട്ടി ഓഫീസിനുസമീപം നടന്ന ആഹ്ലാദപ്രകടനത്തിൽ സ്ത്രീകളുൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. മധുരപലഹാരങ്ങൾ വിതരണംചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചു. പാർട്ടിയുടെ പതാക കൈയിലേന്തി സ്ത്രീകളുൾപ്പെടെയുള്ളവർ നൃത്തം ചെയ്തും മറ്റുമാണ് ഡൽഹിയിലെ വൻവിജയത്തെ വരവേറ്റത്.

തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആംആദ്മി പാർട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദിച്ച് കർണാടകത്തിലെ നേതാക്കൾ രംഗത്ത്. മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ കെജ്‌രിവാളിനെ പ്രശംസിച്ച് രംഗത്തെത്തി. അരവിന്ദ് കെജ്‌രിവാൾ അർഹിച്ച വിജയമാണിതെന്നും വികസനത്തിന് നൽകിയ പ്രാധാന്യം ഫലംകണ്ടത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നല്ല ലക്ഷണമാണെന്നും എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.

ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലുമുള്ള ഡൽഹി സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ കർണാടകത്തിലും രാജ്യത്തെ മറ്റുഭാഗങ്ങളിലും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ഒരിക്കലും ജനഹൃദയങ്ങളിൽ ഇടം നേടില്ലെന്ന് തലസ്ഥാനത്തെ ജനങ്ങൾ തെളിയിച്ചെന്ന് അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. പലതവണകളിലായി ട്വീറ്റുകളിലൂടെയാണ് കുമാരസ്വാമി അഭിനന്ദനമറിയിച്ചത്.

Content Highlights: Delhi polls: AAP celebrates victory at Bangalore