മൈസൂരു: ദസറ ആഘോഷവേളയില്‍ മൈസൂരു കൊട്ടാരം ദീപാലംകൃതമാക്കുന്ന സമയം നീട്ടി. രാത്രി ഏഴുമുതല്‍ പത്തുവരെയായാണ് സമയം ദീര്‍ഘിപ്പിച്ചത്. ഇതോടെ കൂടുതല്‍ സന്ദര്‍ശകരെ കൊട്ടാരത്തിലേക്ക് ആകര്‍ഷിക്കാമെന്നാണ് മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയാണ് ദസറ.

സാധാരണഗതിയില്‍ രാത്രി ഏഴിനും എട്ടിനുമിടയിലാണ് കൊട്ടാരം ദീപാലംകൃതമാക്കുക. മുന്‍വര്‍ഷങ്ങളിലെ ദസറവേളകളില്‍ കൊട്ടാരത്തില്‍ കലാപരിപാടികള്‍ നടന്നുകൊണ്ടിരിക്കെ സമയപരിധി കഴിഞ്ഞതുകാരണം ദീപാലങ്കാരം അവസാനിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു.
 
കൂടാതെ സന്ദര്‍ശകരില്‍ ഏറിയപങ്കും പരിപാടി വീക്ഷിക്കുന്നത് അവസാനിപ്പിച്ച് പോവുകയും ചെയ്തിരുന്നു. ഇത്തവണ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചതിനാല്‍ കൊട്ടാരത്തിലെ കലാപരിപാടികള്‍ ദീപാലങ്കാരത്തിന്റെ പശ്ചാത്തലത്തില്‍ ഏറെസമയം ആസ്വദിക്കാനാവും. കൊട്ടാരവും പരിസരവും പൂര്‍ണമായി ദീപാലംകൃതമക്കാന്‍ 15 വാട്ടിന്റെ 96,700 ബള്‍ബുകളാണ് ഉപയോഗിക്കുക.

ദസറയുടെ ഭാഗമായി ചാമുണ്ഡിമലയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ അഞ്ചുവരെയാണ് വിലക്ക്. സന്ദര്‍ശകരെ മലമുകളിലേക്കെത്തിക്കാന്‍ ലളിതമഹല്‍ ഹെലിപ്പാഡിന് സമീപത്തുനിന്ന് കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ സൗജന്യ സര്‍വീസ് നടത്തും. സന്ദര്‍ശകര്‍ക്ക് വാഹനങ്ങള്‍ ഹെലിപ്പാഡിനു സമീപം പാര്‍ക്കുചെയ്യാം. ഇതിനായി അധികൃതര്‍ പ്രത്യേക സൗകര്യം ഒരുക്കും.
 
എന്നാല്‍ വി.വി.ഐ.പി. വാഹനങ്ങള്‍, ചാമുണ്ഡിമലയിലെ താമസക്കാര്‍ എന്നിവരുടെ വാഹനങ്ങള്‍ കടത്തിവിടും. ഇതിനായി താമസക്കാര്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കും. ദസറവേളയില്‍ നിരവധി സന്ദര്‍ശകരാണ് ചാമുണ്ഡിമലയിലെ ചാമുണ്ഡേശ്വരിക്ഷേത്രം സന്ദര്‍ശിക്കാനെത്തുക. മലമുകളിലേക്കുള്ള റോഡില്‍ നിരവധി വാഹനങ്ങളെത്തിയാലുണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നിരോധനം.

ദസറ ഭക്ഷ്യമേളയുടെ വേദിയായി നിശ്ചയിച്ച സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മൈതാനത്തും വാഹനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്താന്‍ മൈസൂരു ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഹുന്‍സൂര്‍ റോഡിലെ കമാനം മുതല്‍ മഹാരാജ കോളേജ് മൈതാനംവരെയുള്ള റോഡില്‍ വാഹനഗതാഗതം അനുവദിക്കില്ല. അതേസമയം മടിക്കേരി ദസറയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപ അനുവദിച്ചു. കൂടാതെ ഗോണിക്കുപ്പ ദസറയ്ക്ക് 25 ലക്ഷം രൂപയും വകയിരുത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് തുക അനുവദിക്കാന്‍ തീരുമാനമായത്.