ബെംഗളൂരു : മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തിയവർക്ക് വീണ്ടും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ കർണാടകത്തിൽ രോഗികളുടെ എണ്ണത്തിൽ വൻവർധന. രോഗവ്യാപനത്തിനുശേഷം ഏറ്റവും കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്- 149 പേർക്ക്‌. ഇതിൽ 106 പേരും മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തിയവരാണ്. ഇതിൽത്തന്നെ ഭൂരിഭാഗവും മുംബൈയിൽനിന്നാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1395 ആയി. ദാവൻഗരെ, ശിവമോഗ എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ച മൂന്നുപേർ കേരളത്തിൽനിന്ന് തിരിച്ചെത്തിയവരാണ്.

ശിവമോഗയിൽ മുപ്പത്തിയൊമ്പതുകാരിക്കും പന്ത്രണ്ടുവയസ്സുകാരനും ദാവൻഗരെയിൽ മുപ്പതുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകത്തിൽ കോവിഡ് ബാധിച്ച് മൂന്നുപേർകൂടി മരിച്ചു. ചികിത്സയിലായിരുന്ന ബല്ലാരി സ്വദേശിയായ അറുപതുകാരൻ, വിജയപുര സ്വദേശിയായ അറുപത്തിയഞ്ചുകാരൻ, ബെംഗളൂരു സ്വദേശിയായ അമ്പത്തിനാലുകാരൻ എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാൽപ്പതായി. രോഗികളുടെ എണ്ണവും മരണവും ഓരോദിവസവും കൂടുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നെത്തിയവരും രോഗം വന്നവരിൽ ഉൾപ്പെടും. ബെംഗളൂരുവിൽ ആറുപേർക്കാണ് പുതുതായി രോഗം വന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 246 ആയി. 123 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. മരണം എട്ടായി.

സംസ്ഥാനത്ത് ചൊവ്വാഴ്ച പതിമ്മൂന്നു പേരാണ് ആശുപത്രി വിട്ടത്. മാണ്ഡ്യയിലാണ് പുതുതായി കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 71 പേർ. ഇവരിൽ ഭൂരിഭാഗവും മുംബൈയിൽ നിന്നെത്തിയവരാണ്. ദാവൻഗരെയിൽ 22 പേർക്കും ശിവമൊഗയിൽ പത്തുപേർക്കും കലബുറഗിയിൽ 11 പേർക്കും രോഗം പിടിപ്പെട്ടു. പരിശോധനയുടെ എണ്ണത്തിലും വർധനയുണ്ടായി.

ചൊവ്വാഴ്ച 6936 പേരുടെ സാംപിളാണ് പരിശോധിച്ചത്. ഇതിൽ 6681 പേരുടെ ഫലം നെഗറ്റീവാണ്. ലോക് ഡൗണിൽ ഇളവ് വരുത്തിയത് രോഗവ്യാപനത്തിനിടയാക്കുമോയെന്ന ആശങ്കയുമുണ്ട്.