cake
അഭിനന്ദൻ വർധമാന്റെ രൂപത്തിൽ നിർമിച്ച ക്രിസ്‌മസ് കേക്ക്

ബെംഗളൂരു: ഇന്ത്യയുടെ ഹീറോയായ വ്യോമസേന വിങ്‌ കമാൻഡർ അഭിനന്ദൻ വർധമാന്റെ രൂപം കേക്കിൽ നിർമിച്ച് ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ബേക്കിങ്‌ ആൻഡ് കേക്ക് ആർട്ടിലെ വിദ്യാർഥികൾ. സെയ്ന്റ് ജോസഫ് സ്കൂൾ മൈതാനത്ത് നടന്ന 45-മത് കേക്ക് ഷോയോടനുബന്ധിച്ചാണ് വർധമാൻകേക്ക് പ്രദർശിപ്പിപ്പിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളായ പൂർവ, ആഷിഷ്, അനിൽ എന്നിവരാണ് 225 കിലോഗ്രാം ഭാരമുള്ള കേക്ക് നിർമിച്ചത്.

ഏഴുദിവസംകൊണ്ടാണ് മൂന്നരയടി പൊക്കവും രണ്ടടി വീതിയുമുള്ള കേക്കിന്റെ നിർമാണം വിദ്യാർഥികൾ പൂർത്തിയാക്കിയത്. കൈയിൽ ഇന്ത്യൻ പതാകയുമായി നിൽക്കുന്ന അഭിനന്ദൻ വർധമാന്റെ രൂപം ഒട്ടേറെപ്പേരെയാണ് ആകർഷിച്ചത്. കൊമ്പൻ മീശ തന്നെയാണ് കേക്കിന്റെയും പ്രധാന ആകർഷണം. സുഗർ പേസ്റ്റ്, റോയൽ ഐസിങ്‌, അനുവദനീയമായ കൃത്രിമ നിറങ്ങൾ തുടങ്ങിയവയാണ് കേക്ക് നിർമാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ.

റഫേൽ യുദ്ധവിമാനത്തിന്റെ രൂപത്തിൽ നിർമിച്ച കേക്കും ശ്രദ്ധേയമായി. നാലടിയാണ് റഫേൽകേക്കിന്റെ നീളം. മഹേഷെന്ന വിദ്യാർഥിയാണ് ഈ കേക്ക് നിർമിച്ചത്.

Content Highlights; christmas cake made in the form of abhinandan varthaman