ബെംഗളൂരു: ‘ചന്ദ്രയാൻ-രണ്ട്’ ദൗത്യപേടകത്തിലെ ‘ലാൻഡർ’ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനിടെ വേഗം കുറയ്ക്കാനാകാതെ ഇടിച്ചിറങ്ങുകയായിരുന്നെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ.

30 കിലോമീറ്റർ ഉയരത്തിൽനിന്ന് 7.4 കിലോമീറ്റർവരെയുള്ള ‘റഫ് ബ്രേക്കിങ്’ ഘട്ടം ലാൻഡർ വിജയകരമായി പിന്നിട്ടെങ്കിലും പിന്നീട് നിശ്ചയിച്ച വേഗത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 7.4 കിലോമീറ്റർ പിന്നിട്ടശേഷം ലാൻഡറിന്റെ വേഗം സെക്കൻഡിൽ 1683 മീറ്ററിൽനിന്ന് 146 മീറ്ററിലേക്കു കുറയേണ്ടിയിരുന്നെങ്കിലും കൃത്യമായി നടന്നില്ല. ഇതോടെ ദിശയിൽ മാറ്റംവന്ന ലാൻഡർ 500 മീറ്റർ ഉയരത്തിൽനിന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു.

ബഹിരാകാശവകുപ്പിന്റെ ചുമതലയുള്ള, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന വിവരം നേരത്തെത്തന്നെ പുറത്തുവന്നിരുന്നെങ്കിലും ആദ്യമായാണ് ഇക്കാര്യം സർക്കാർ ഔദ്യോഗികമായി പുറത്തുവിടുന്നത്.

ചന്ദ്രയാൻ-രണ്ട് പരാജയമാണെന്നു പറയാനാകില്ലെന്നും ബഹിരാകാശദൗത്യത്തിൽ ഇന്ത്യയ്ക്കു കരുത്തുപകരുമെന്നും മന്ത്രി പറഞ്ഞു. വിക്ഷേപണം, പഥക്രമീകരണം, ലാൻഡറിനെ വേർപ്പെടുത്തുന്ന പ്രക്രിയ, റഫ് ബ്രേക്കിങ് ഘട്ടം തുടങ്ങിയവയെല്ലാം വിജയിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.

ഐ.എസ്.ആർ.ഒ.യുടെ ലിക്വിഡ് പ്രൊപ്പൽഷൻസിസ്റ്റം സെന്റർ ഡയറക്ടർ വി. നാരായണന്റെ നേതൃത്വത്തിലുള്ള സമിതി ‘ചന്ദ്രയാൻ-രണ്ട്’ ദൗത്യത്തിലെ ‘സോഫ്റ്റ് ലാൻഡിങ്’ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് കേന്ദ്ര ബഹിരാകാശ കമ്മിഷനു കെമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ലോക്‌സഭയിൽ വിശദീകരണം നൽകിയത്. ജൂലായ് 22-ന്‌ വിക്ഷേപിച്ച ‘ചന്ദ്രയാൻ-രണ്ട്’ പേടകത്തിലെ ‘ലാൻഡർ’ സെപ്റ്റംബർ ഏഴിന് പുലർച്ചെ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു.