ബെംഗളൂരു: കര്‍ണാടക പരിവര്‍ത്തന യാത്രയുടെ സമാപനച്ചടങ്ങ് ബി. ജെ. പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയായിരുന്നു.

സസ്ഥാന സര്‍ക്കാറിനേയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രധാനമന്ത്രിയും സംസ്ഥാന നേതാക്കളും സംസാരിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി. എസ്. യെദ്യൂരപ്പയെ പുകഴ്ത്താനും നേതാക്കള്‍ മറന്നില്ല.

അടുത്ത കാലത്ത് ബി. ജെ. പി. സംഘടിപ്പിച്ച ഏറ്റവും വലിയ റാലിയായി വിവര്‍ത്തന യാത്രയുടെ സമാപനം മാറിയപ്പോള്‍ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി.

ബൂത്ത് തലത്തില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി വാഹനങ്ങള്‍ ബെംഗളൂരുവിലേക്ക് ഒഴുകിയപ്പോള്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബല്ലാരി റോഡില്‍ ഗാതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

ആയിരത്തിലധികം വാഹനങ്ങളിലാണ് പ്രവര്‍ത്തകരെത്തിയത്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥമില്ലാത്ത അവസ്ഥയായിരുന്നു.

വാഹനങ്ങള്‍ കടത്തിവിടുന്നത് സംബന്ധിച്ച് പലയിടങ്ങളിലും ബി. ജെ. പി. നേതാക്കളും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.

ദൂരസ്ഥലത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ ഞായറാഴ്ച രാവിലെ തന്നെ സമ്മേളനം നടക്കുന്ന പാലസ് ഗ്രൗണ്ടിലെത്തിയിരുന്നു. ഇവര്‍ക്കായി വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.

ഭക്ഷണം പാകം ചെയ്യാന്‍ 600 അടുക്കളകള്‍, വിതരണം ചെയ്യാന്‍ 250 കൗണ്ടറുകള്‍, എന്നിവയുണ്ടായിരുന്നു. ചടങ്ങ് നിയന്ത്രിക്കാന്‍ 4000ത്തോളം വൊളന്റിയര്‍മാരെ നിയോഗിച്ചിരുന്നു.

സമ്മേളനത്തെ തുടര്‍ന്ന് പോലീസിനാണ് കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. കൂടുതല്‍ വാഹനങ്ങള്‍ നഗരത്തിനുള്ളിലേക്ക് എത്തിയതോടെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി.

ബി. ജെ. പി. ജനപ്രതിനിധികളുമായുള്ള തര്‍ക്കത്തിനിടയാക്കി. പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധവുമായി കന്നഡ സംഘടന പ്രവര്‍ത്തകര്‍ ഫ്രീഡം പാര്‍ക്കില്‍ ഒത്തുകൂടിയതും പോലീസിന് തലവേദനയായി.

വൈകുന്നേരം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കിയതോടെയാണ് ഫ്രീഡം പാര്‍ക്കിലെ സഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്.