ബെംഗളൂരു: സംസ്ഥാനത്തെ ക്രമസമാധനത്തെച്ചൊല്ലി നിയമസഭയില്‍ ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വക്‌പോര്. സംസ്ഥാനത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി. അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചത്.

ഇതില്‍ അടിയന്തര ചര്‍ച്ച വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സ്​പീക്കര്‍ അനുവദിച്ചില്ല. സര്‍ക്കാര്‍ പ്രീണന നയമാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ ആരോപിച്ചു.

ഇതിനെതിരേ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി, മന്ത്രി കെ.ജെ. ജോര്‍ജ് എന്നിവര്‍ രംഗത്തെത്തുകയും ഇത് ബി.ജെ.പി. അംഗങ്ങളുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടയാക്കുകയും ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും ഇക്കാര്യം സഭ ചര്‍ച്ച ചെയ്യണമെന്നും ജഗദീഷ് ഷെട്ടാര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത് കര്‍ണാടകം ഒന്നാം സ്ഥാനത്താണെന്നാണ്. എന്നാല്‍ പീഡനക്കേസുകളിലും കൊലപാതകത്തിലുമാണ് ഒന്നാം സ്ഥാനമെന്ന് ജഗദീഷ് ഷെട്ടാര്‍ ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭയത്തിലാണെന്നും അരക്ഷിതത്വത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരണത്തില്‍ ഉദ്യാനനഗരി ആദ്യം മാലിന്യനഗരമായെന്നും ഇപ്പോള്‍ കൊലപാതകനഗരമായി മാറിയിരിക്കുകയാണെന്നും ജഗദീഷ് ഷെട്ടാര്‍ കുറ്റപ്പെടുത്തി. ബി.ജെ.പി. ഭരണത്തിലുണ്ടായ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ പരാമര്‍ശം സഭയില്‍ ബഹളത്തിനിടയാക്കി.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ 26 ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും ഇതിനുപിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും ജഗദീഷ് ഷെട്ടാര്‍ ആരോപിച്ചു. ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള ചങ്കൂറ്റം സര്‍ക്കരിനില്ലെന്നും ജഗദീഷ് ഷെട്ടാര്‍ ആരോപിച്ചു.

 
പ്രധാനമന്ത്രിക്കെതിരേ പരാമര്‍ശം;ബി.ജെ.പി. പ്രതിഷേധിച്ചു

നിയമസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി. പ്രതിഷേധം.

മന്ത്രി യു.ടി. ഖാദര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുപ്രസിദ്ധ കുറ്റവാളികളോടൊപ്പം ചിത്രമെടുത്തവരാണെന്ന പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാറിന്റെ ആരോപണമാണ് കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള തര്‍ക്കത്തിനിടയാക്കിയത്.

ഇതിനിടയിലാണ് യു.ടി. ഖാദര്‍ പ്രധാനമന്തിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. മന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.

ഇക്കാര്യം പരിശോധിക്കുമെന്ന് സ്​പീക്കര്‍ കെ.ബി. കോളിവാദ് അറിയിച്ചെങ്കിലും ബി.ജെ.പി. നിയമസഭയില്‍ പ്രതിഷേധിച്ചു.
 

അംഗങ്ങള്‍ കുറഞ്ഞു; കസേരകള്‍ കാലി

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംദിനവും അംഗങ്ങള്‍ കുറവായിരുന്നു. 224 അംഗ നിയമസഭയില്‍ ഭൂരിപക്ഷം കസേരകളും കാലിയായിരുന്നു.

ബജറ്റ് സമ്മേളനത്തില്‍ തുടക്കം കുറിച്ച് ഗവര്‍ണര്‍ വാജുഭായ് വാല നയപ്രഖ്യാപനം നടത്തുമ്പോള്‍ സഭയില്‍ 100 അംഗങ്ങളാണുണ്ടായിരുന്നത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള അംഗങ്ങള്‍ ഹാജരാകാത്തതില്‍ ഉള്‍പ്പെടും.