ബെംഗളൂരു: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു പോലീസ് സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക ശ്രദ്ധചെലുത്തുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കീഴിൽ പ്രത്യേകവിഭാഗം രൂപവത്കരിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഹെൽപ്പ്ലൈൻ സേവനവും ‘ബി.സി.പി. സുരക്ഷ’ മൊബൈൽ ആപ്പും കാര്യക്ഷമമാക്കുകയും ചെയ്തു. ഹെൽപ്പ്ലൈൻ നമ്പറായ 100-ൽ വിളിച്ചാൽ ഉടൻതന്നെ പോലീസിന്റെ എസ്.എം.എസ്. ലഭിക്കുകയും 9 മിനിറ്റിനുള്ളിൽ പട്രോൾസംഘം സ്ഥലത്തെത്തുകയും ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു പറഞ്ഞു.
നഗരത്തിൽ സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാനാവശ്യമായ കാര്യങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്തി നടപ്പാക്കുകയാണ് പുതിയതായി രൂപവത്കരിച്ച പ്രത്യേകവിഭാഗം ചെയ്യേണ്ടത്.
സ്ത്രീകൾക്ക് സ്വയം പ്രതിരോധപരിശീലനം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഇവർ ചെയ്യും. അപ്രതീക്ഷിതമായി അതിക്രമംനേരിട്ടാൽ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ബോധവ്തകരിക്കും. ഭീഷണിപ്പെടുത്താൻ വേണ്ടി സ്വകാര്യനിമിഷങ്ങൾ ചിത്രീകരിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഭാസ്കർ റാവു പറഞ്ഞു. അതിക്രമങ്ങളുണ്ടായാൽ അക്രമികളുടെ ചിത്രമുൾപ്പെടെയുള്ള വിവരങ്ങൾ നൽകാവുന്ന ബി.സി.പി. സുരക്ഷാ ആപ്പ് സേവനം ശക്തമാക്കിയിട്ടുണ്ട്. എല്ലാവരും മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും അത്യാവശ്യഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തണമെന്നും ഭാസ്കർ റാവു ആവശ്യപ്പെട്ടു.
content highlights: bengaluru police tightens security for women