ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിക്കുമെന്ന് ബി.ജെ.പി. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം അവസരവാദികൾക്ക് സഖ്യമുണ്ടാക്കി അധികാരത്തിലെത്താമെന്നത് പകൽക്കിനാവ് മാത്രമാണെന്ന് ബി.ജെ.പി. നേതാവും മന്ത്രിയുമായ സി.ടി. രവി പറഞ്ഞു. സ്ഥിരതയുള്ളതും ശക്തവുമായ സർക്കാരാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കോൺഗ്രസ്‌-ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ 15 മാസത്തെ ഭരണം ജനം കണ്ടതാണ്. നേതാക്കളുടെ കുറ്റപ്പെടുത്തലും കുടുംബാധിപത്യവും ജനം തിരിച്ചറിഞ്ഞതാണ്.

അതിനാൽ ബി.ജെ.പി.ക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാകും. എന്നാൽ ചിലർ സർക്കാരുണ്ടാക്കാമെന്ന് സ്വപ്‌നം കാണുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലും ബി.ജെ.പി. വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്ന ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ അനിശ്ചിതാവസ്ഥയുണ്ടാക്കാൻ ജനം ആഗ്രഹിക്കുന്നില്ല. എന്നാൽ ചിലർ അധികാരം പിടിക്കാൻ കൂട്ടുക്കെട്ടിന് ശ്രമിക്കുകയാണ്. കോൺഗ്രസ്, ജെ.ഡി.എസ്‌., എം.എൽ.എ.മാർ രാജിവെച്ചതിനാലാണ് ബി.ജെ.പിക്ക് സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞത്. ഇവരെ പിന്തുണയ്ക്കാൻ വോട്ടർമാർ തയ്യാറാകും. നിലവിൽ ബി.ജെ.പി.ക്ക് 105 സീറ്റാണുള്ളത്. 15 സീറ്റിൽ വിജയിക്കാനായാൽ അംഗബലം 120 ആകും. ഇതോടെ സർക്കാറിന് സ്ഥിരതയോടെ മുന്നോട്ടുപോകാൻ കഴിയുമെന്നും സി.ടി. രവി പറഞ്ഞു.