ബെംഗളൂരു: വിമാനത്താവളത്തില്‍നിന്ന് ബാഗ് നഷ്ടപ്പെട്ട യാത്രക്കാരിക്ക് വിമാനക്കമ്പനി 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി വിധി. മൈസൂരുവിലെ കോളേജ് അധ്യാപികയായ നിവേദിത ലോകേഷാണ് പരാതിക്കാരി. 2015 നവംബര്‍ 19-നാണ് പരാതിക്കാസ്​പദമായ സംഭവം.

സെമിനാറില്‍ പങ്കെടുക്കാന്‍ കെംപെഗൗഡ (ബെംഗളൂരു) അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജയ്പൂരിലേക്കാണ് ഇവര്‍ വിമാനത്തില്‍ പോയത്. ജെയ്പൂരിലെത്തിയപ്പോള്‍ ഇവരുടെ ഒരു ബാഗ് കാണാതായി. 35,000 രൂപയോളം വിലമതിക്കുന്ന വസ്ത്രങ്ങളും മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. സംഭവത്തില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബാഗ് കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് വിമാനക്കമ്പനി അധികൃതര്‍ ഉറപ്പുനല്‍കി.

രണ്ടുദിവസത്തിനുശേഷം ബന്ധപ്പെട്ടപ്പോള്‍ ബാഗ് വിമാനത്താവളത്തില്‍നിന്ന് ഒരാള്‍ മോഷ്ടിക്കുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നായിരുന്നു കമ്പനിയുടെ മറുപടി. നഷ്ടപരിഹാരമായി 1400 രൂപ നല്‍കാമെന്നും ഇവര്‍ അറിയിച്ചു. പരാതിക്കാരി ഇതു സമ്മതിക്കാതായതോടെ 8000 രൂപ വാഗ്ദാനം ചെയ്തു. ഇത് സ്വീകരിക്കാതെ മൈസൂരുവില്‍ തിരിച്ചെത്തിയ ഇവര്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

ബാഗ് വിമാനത്താവളത്തില്‍നിന്ന് നഷ്ടപ്പെട്ടതിനാല്‍ ഇതിന്റെ ഉത്തരവാദിത്വം വിമാനത്താവളം അധികൃതര്‍ക്കാണെന്ന വിമനക്കമ്പനിയുടെ വാദം കോടതി തള്ളി. നഷ്ടപ്പെട്ട വസ്തുക്കളുടെ വിലയായ 35000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും യാത്രക്കാരിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് 10,000 രൂപയും കോടതി ചെലവായി 5000 രൂപയും നല്‍കാനാണ് മൈസൂരു ഉപഭോക്തൃകോടതി ഉത്തരവിട്ടത്.