മൈസൂരു: വിജയദശമിദിനത്തിൽ നടക്കുന്ന ദസറ ഘോഷയാത്രയ്ക്കുള്ള നിശ്ചലദൃശ്യങ്ങൾ ബുധനാഴ്ചയോടെ തയ്യാറാകും. കോവിഡിനെത്തുടർന്ന് ദസറയാഘോഷം വെട്ടിച്ചുരുക്കിയതിനാൽ ഇക്കുറി ആറ് നിശ്ചലദൃശ്യങ്ങൾ മാത്രമാണ് ഘോഷയാത്രയിൽ പങ്കെടുക്കുക.

മൈസൂരു കൊട്ടാരത്തിനു മുൻവശത്തെ ദസറ എക്സിബിഷൻ മൈതാനിയിലാണ് നിശ്ചലദൃശ്യങ്ങളുടെ നിർമാണം നടക്കുന്നത്. ആസാദി കാ അമൃത് മഹോത്സവ്, കോവിഡ്മുക്ത കർണാടക, മൈസൂരു കൊട്ടാരം, ബഹുനില പാർപ്പിടസമുച്ചയം, പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവയെ അടിസ്ഥാനമാക്കിയാണ് നിശ്ചലദൃശ്യങ്ങൾ.

ജില്ലാചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ എക്സിബിഷൻ മൈതാനിയിലെത്തി നിശ്ചലദൃശ്യങ്ങളുടെ നിർമാണപുരോഗതി വിലയിരുത്തി.

ഒരു വനിതാ ഡോക്ടർ വാക്സിൻ ഉപയോഗിച്ച് കൊറോണ വൈറസിനെ കൊല്ലുന്നതാണ് കോവിഡ്മുക്ത കർണാടകയെന്ന നിശ്ചലദൃശ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് നിർമിക്കുന്ന ഈ നിശ്ചല ദൃശ്യത്തിന്റെ ചെലവ് 7.5 ലക്ഷം രൂപയാണ്. കൃഷിവകുപ്പും ഹോർട്ടികൾച്ചർവകുപ്പും സംയുക്തമായാണ് കൃഷിയെക്കുറിച്ചുള്ള നിശ്ചലദൃശ്യം ഒരുക്കുന്നത്. എട്ടുലക്ഷം രൂപയാണ് നിർമാണച്ചെലവ്. എഴുലക്ഷം രൂപ വീതമാണ് പരിസ്ഥിതിസംരക്ഷണം, ആസാദി കാ അമൃത് മഹോത്സവ് എന്നീ നിശ്ചലദൃശ്യങ്ങളുടെ ചെലവ്. നാലുലക്ഷം രൂപയാണ് മൈസൂരു കൊട്ടാരത്തെക്കുറിച്ചുള്ള നിശ്ചലദൃശ്യം ഒരുക്കാൻ ചെലവിടുന്നത്.

മൈസൂരു നഗരവികസന അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ബഹുനില പാർപ്പിട സമുച്ചയത്തിന്റെ നിശ്ചലദൃശ്യത്തിന് എട്ടുലക്ഷം രൂപയാണ് ചെലവ്.

ഇത്തവണയും മൈസൂരു കൊട്ടാരവളപ്പിനകത്താണ് ഘോഷയാത്ര നടക്കുക. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. പരിപാടി തത്സമയ സംപ്രേഷണം ചെയ്യും. ഘോഷയാത്രയ്ക്കുള്ള പരിശീലനം കൊട്ടാരത്തിൽ പുരോഗമിക്കുന്നുണ്ട്.

തിങ്കളാഴ്ച നടന്ന പരിശീലനത്തിൽ ആനകൾക്ക് പുറമേ കുതിരപ്പോലീസ്, പോലീസ് ബാൻഡ്, രണ്ട് ബറ്റാലിയൻ പോലീസ് എന്നിവയും പങ്കെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പ്രദീപ് ഗുണ്ഡി നേതൃത്വം നൽകി. ചൊവ്വാഴ്ചയും പരിശീലനം ആവർത്തിക്കും.

അതേസമയം, രാത്രിയിൽ നഗരത്തിലെ ദീപാലങ്കാരത്തിന്റെ സമയം 10 മണി വരെയായി കുറച്ചു. ദീപാലങ്കാരം ആസ്വദിക്കാൻ നൂറുകണക്കിനു ആളുകൾ എത്തുന്നതിനെത്തുടർന്ന് സമയം 10.30 വരെയായി നീട്ടിയിരുന്നു.

ഇതിനുപിന്നാലെയാണ് കോവിഡ് മാനദണ്ഡം പാലിക്കണമെന്ന പേരിൽ 10 മണി വരെയായി കുറച്ചത്.