ബെംഗളൂരു : ബെംഗളൂരുവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിന് മുകളിലെത്തിയാൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നിലവിൽ 0.66 ശതമാനമാണ് ബെംഗളൂരുവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിന് മുകളിലെത്തുകയും ഓക്സിജൻ കിടക്കകളുടെ 40 ശതമാനത്തോളം ഉപയോഗത്തിലാവുകയും ചെയ്താൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയല്ലാതെ മാർഗമില്ല. എല്ലാ ദിവസവും ഈ കാര്യങ്ങൾ നിരീക്ഷിക്കുമെന്നും ബസവരാജ് ബൊമ്മെ അറിയിച്ചു. നിലവിൽ ബെംഗളൂരുവിൽ രാത്രി കർഫ്യു മാത്രമേ ഉള്ളൂ. രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യു. കോവിഡ് മൂന്നാംതരംഗമുണ്ടാകുന്നത് തടയാൻ ബെംഗളൂരുവിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ബെംഗളൂരുവിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.