ബെംഗളൂരു: നഗരത്തെ ഞെട്ടിച്ച ആക്രമണമാണ് ലോകായുക്ത ഓഫീസില്‍ അരങ്ങേറിയത്. നിയമസഭ മന്ദിരമായ വിധാനസൗധയ്ക്ക് സമീപത്തുള്ള ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകായുക്ത ഓഫീസിലേക്ക് യുവാവ് കത്തിയുമായി കടന്നുവന്നത് ഗുരുതരമായ സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തുന്നത്. രാഷ്ട്രീയ നേതാക്കളുടെയും ഉന്നതരുടേയും അഴിമതി ക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ലോകായുക്തയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നതാണ്.
 
മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ലോകായുക്ത ഓഫീസില്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയതാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. വിവിധ പരാതികളുമായി നൂറുക്കണക്കിന് പേര്‍ എത്തുന്ന ഓഫീസില്‍ ആര്‍ക്കും എളുപ്പത്തില്‍ പ്രവേശിക്കാമെന്ന അവസ്ഥയാണ്. ആവശ്യത്തിന് പോലീസുകാരെ കാണാനും കഴിയില്ല. ഓഫീസിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് മുന്നില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചിണ്ടെങ്കിലും പ്രവര്‍ത്തിക്കാറില്ല.
 
ലോകായുക്തയ്ക്ക് നേരിട്ട് പരാതി നല്‍കുന്ന സംവിധാനമാണുള്ളത്. ലോകായുക്തക്ക് ഗണ്‍മാനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പരാതിക്കാരുടെ തിരക്കില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാറില്ല. ക്രമക്കേടുകള്‍ ഉന്നയിച്ചുള്ള പരാതികളില്‍ തുടര്‍നടപടികളുണ്ടാകാത്തതിനെക്കുറിച്ച് ചോദിക്കുന്നതിനിടയിലാണ് തുമക്കൂരു സ്വദേശിയായ തേജ്രാജ്ശര്‍മ(33) ലോകായുക്തയെ കുത്തുന്നത്. ജസ്റ്റിസ് പി.വിശ്വനാഥ ഷെട്ടി കുത്തേറ്റ് വീണപ്പോഴാണ് സമീപത്തുള്ളവര്‍ ആക്രമണ വിവരം അറിയുന്നത്.
 
അഞ്ച് തവണയുള്ള ആക്രമണത്തില്‍ കൈക്കും വയറിനും കുത്തേറ്റു. അടയിയന്തര ശസ്ത്രക്രിയയില്‍ ലോകായുക്തയുടെ മകന്‍ ഡോ. രവിശങ്കറുമുണ്ടായിരുന്നു. ലോകായുക്തയെ പ്രവേശിപ്പിച്ച വിറ്റല്‍ മല്ല്യ ആസ്​പത്രിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും ആരോഗ്യവിവരങ്ങള്‍ ആരായാനെത്തി. സുരക്ഷ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
 
അഭ്യന്തരവകുപ്പിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്ത ഓഫീസിലുണ്ടായ ആക്രമണം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ ബി.ജെ.പിയും ജനതാദള്‍ എസും. ആക്രമണം ഉയര്‍ത്തിക്കാട്ടും.