ബെംഗളൂരു: ലോകവനിതാദിനത്തില്‍ വനിതാ ജീവനക്കാരെ ആദരിച്ച് റെയില്‍വേ. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷനാണ് വനിതാ ജീവനക്കാരെ പ്രത്യേക പ്രാധാന്യം നല്‍കി ആദരിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ചത്തെ ബെംഗളൂരു - പാറ്റ്‌ന സംഘമിത്ര എക്‌സ്​പ്രസില്‍ വനിതാ അംഗങ്ങള്‍ മാത്രമാകും ഡ്യൂട്ടിയില്‍ ഉണ്ടാവുക. വനിതകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ബെംഗളൂരു ഡിവിഷന്‍ അറിയിച്ചു.

ഒരു അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഒരു ട്രെയിനി ഗാര്‍ഡ്, മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍, ആറ് ടിക്കറ്റ് പരിശോധനാ ജീവനക്കാര്‍ എന്നിവരായിരിക്കും ഈ തീവണ്ടിയില്‍ ഉണ്ടാവുക. ഇവര്‍ തന്നെയാകും എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി സമൂഹത്തില്‍ പലകാര്യങ്ങളും ചെയ്യാനാകുമെന്ന് വ്യക്തമാക്കുന്നതിന് കൂടിയാണ് തീവണ്ടിയില്‍ വനിതാ ജീവനക്കാരെ മാത്രം നിയോഗിക്കുന്നത്.

കെ.എസ്.ആര്‍. ബെംഗളൂരു സ്റ്റേഷന്‍ മുതല്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ വരെയാകും വനിതാ ജീവനക്കാരുണ്ടാവുക. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. ആദ്യമായിട്ടാണ് തീവണ്ടിയിലെ എല്ലാ ജീവനക്കാരും വനിതകള്‍ മാത്രമാകുന്നത്. വ്യാഴാഴ്ചത്തെ സര്‍വീസിന് വനിതാ ജീവനക്കാര്‍ സമ്മതം മൂളുകയായിരുന്നു. രാവിലെ ഒമ്പതിനാണ് തീവണ്ടി ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്നത്.