ബെംഗളൂരു: ഓട്ടോക്കാരുടെ കഴുത്തറപ്പന്‍ നിരക്കിന് ഇരയാകുന്നതാണ് പുലര്‍ച്ചെ വണ്ടിയിറങ്ങുന്ന മലയാളികള്‍ നേരിടുന്ന മറ്റൊരു പ്രധാനപ്രശ്‌നം. 50 രൂപയ്ക്ക് ഓട്ടമുള്ള സ്ഥലങ്ങളിലേക്ക് പോലും 300 രൂപ വരെയാണ് ചില ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരോട് ആവശ്യപ്പെടുന്നത്. പുലര്‍ച്ചെ മറ്റു വാഹനങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പലപ്പോഴും യാത്രക്കാര്‍ അമിതനിരക്കില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. അതേസമയം, ന്യായമായ കൂലി വാങ്ങുന്ന ഡ്രൈവര്‍മാരും ഉണ്ട്.

പുലര്‍ച്ചെ വണ്ടിയിറങ്ങുന്ന മലയാളികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കുവേണ്ടി മലയാളി സംഘടനകളിടപെട്ട് കലാസിപാളയത്തും സിറ്റി മാര്‍ക്കറ്റിലും പ്രീപെയ്ഡ് ഓട്ടോ ടാക്‌സി കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, അധികനാള്‍ ഈ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചില്ല. പ്രീപെയ്ഡ് കൗണ്ടര്‍ വഴി ടിക്കറ്റെടുത്താല്‍ യാത്രക്കാരെ പിഴിയാന്‍ സാധിക്കാത്തതിനാല്‍ ചിലര്‍ ഇടപെട്ട് കൗണ്ടര്‍ പൂട്ടിക്കുകയായിരുന്നു. അതിനാല്‍ കുറേനാളായിട്ട് ഇവിടെ പ്രീപെയ്ഡ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നില്ല.

മലയാളികള്‍ ഏറെയുള്ള മഡിവാളയില്‍ കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ പ്രീപെയ്ഡ് ടാക്‌സി കൗണ്ടര്‍ ആരംഭിച്ചപ്പോളും ഇതുതന്നെയായിരുന്നു അവസ്ഥ. പ്രീപെയ്ഡ് കൗണ്ടറുകളുണ്ടായിരുന്ന സമയത്ത് പുലര്‍ച്ചെ വണ്ടിയിറങ്ങുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ടാക്‌സിക്കാരുടെ അമിതനിരക്കിന് വഴങ്ങാതെ ന്യായമായ നിരക്കില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കുമായിരുന്നു. ചില സ്ഥലങ്ങളില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തന്നെ യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടാറുണ്ട്. യാത്രക്കാരന്‍ ഓട്ടോയില്‍ കയറി കുറച്ചുദൂരം ചെല്ലുമ്പോള്‍ ഡ്രൈവറുടെ പരിചയമുള്ള ആരെങ്കിലും ഓട്ടോയില്‍ കയറും. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച ശേഷം യാത്രക്കാരനെ കൊള്ളയടിക്കുകയാണ് ചെയ്യാറ്. ഇത്തരം സംഭവങ്ങള്‍ക്ക് ഇപ്പോള്‍ കുറവുവന്നിട്ടുണ്ട്.

നഗരത്തില്‍ പുലര്‍ച്ചെയിറങ്ങുന്ന മലയാളികള്‍ക്കുനേരേ മാത്രമല്ല രാത്രിയും പകല്‍സമയത്തുപോലും ആക്രമണങ്ങളുണ്ടാകാറുണ്ട്. കഴിഞ്ഞദിവസം മലയാളി യുവാവിനെ ഭീഷണിപ്പെടുത്തി മാല കവര്‍ന്നത് ഇതിന് ഉദാഹരണമാണ്. എറണാകുളത്തുനിന്ന് ബെംഗളൂരുവിലെത്തിയ യുവാവിന്റെ പണവും മൊബൈല്‍ ഫോണും കവര്‍ച്ചക്കാര്‍ കൊണ്ടുപോയത് രണ്ടുമാസം മുമ്പായിരുന്നു. തുടര്‍ന്ന് മലയാളി സംഘടനകളിടപെട്ടാണ് യുവാവിന് നാട്ടില്‍ തിരിച്ചു പോകാനുള്ള പണം സംഘടിപ്പിച്ച് കൊടുത്തത്.

ഓട്ടോയില്‍ അമിതനിരക്ക്(മൊയ്തു മാണിയൂര്‍)


24


പുലര്‍ച്ചെ നാട്ടില്‍ നിന്നെത്തുന്നവര്‍ക്ക് സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ പ്രധാനസ്ഥലങ്ങളിലെല്ലാം പ്രീപെയ്ഡ് ടാക്‌സി കൗണ്ടറുകള്‍ സ്ഥാപിക്കണം. നിലവില്‍ ഓട്ടോക്കാര്‍ തോന്നുന്ന നിരക്കാണ് ഈടാക്കുന്നത്. ഒരേ ദൂരമുള്ള സ്ഥലത്തേക്ക് വ്യത്യസ്തനിരക്കാണ് ഡ്രൈവര്‍മാര്‍ ഈടാക്കുന്നത്. 60 രൂപ ഓട്ടമുള്ള സ്ഥലത്തേക്ക് 300 രൂപയോളം വാങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നഗരത്തില്‍ ആദ്യമായി എത്തുന്ന മലയാളികളാണ് കൂടുതലും കബളിപ്പിക്കപ്പെടുന്നത്.

സ്ഥലപരിചയമില്ലാത്തത് ചൂഷണം ചെയ്യും
(ഷെഫീക്ക്, കലാസിപാളയ)


25


നാട്ടില്‍നിന്ന് എത്തുന്ന മലയാളികളില്‍ സ്ഥലപരിചയമില്ലാത്തവരാണ് കൂടുതലും അക്രമത്തിനിരയാകുന്നത്. ബസിറങ്ങി മറ്റു ഭാഗങ്ങളിലേക്കു പോകാന്‍ വാഹനം അന്വേഷിക്കുമ്പോള്‍ നാലഞ്ചു പേരടങ്ങുന്ന സംഘമെത്തി മലയാളികളുടെ ശ്രദ്ധതിരിച്ചുവിട്ട ശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുത്ത് ഓടുകയാണ് പതിവ്. ചെറുത്തു നിന്നാല്‍ ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കും. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടവരായിരിക്കും അക്രമികള്‍. കലാസിപാളയ, പൂമാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാറ്.