ബെംഗളൂരു: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരേ ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് പലയിടത്തും ചികിത്സ മുടങ്ങി. എന്നാല്‍, ബെംഗളൂരുവിലെയും മൈസൂരുവിലെയും പല സ്വകാര്യ ആസ്​പത്രികളിലെയും ഒ.പി. വിഭാഗം പ്രവര്‍ത്തിച്ചു. ബെംഗളൂരുവിലെ എം.എസ്. രാമയ്യ ആസ്​പത്രി, നാരായണ ഹൃദയാലയ, കിംസ്, ഫോര്‍ട്ടിസ്, അപ്പോളോ, മണിപാല്‍ ആസ്​പത്രി തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചില്ല.

മാണ്ഡ്യ, തുംകൂരു, ധാര്‍വാഡ്, ഹുബ്ബള്ളി തുടങ്ങിയ ജില്ലകളില്‍ സമരം ആസ്​പത്രികളെ ബാധിച്ചു. ആസ്​പത്രികളോടു ചേര്‍ന്നുള്ള മെഡിക്കല്‍ ലാബുകളും പ്രവര്‍ത്തിച്ചില്ല. സംസ്ഥാനത്തെ 15,000 സ്വകാര്യ ആസ്​പത്രികള്‍ സമരത്തില്‍ പങ്കെടുത്തയായി ഐ. എം.എ. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് എച്ച്.എന്‍. രവീന്ദ്ര അവകാശപ്പെട്ടു. ഉച്ചതിരിഞ്ഞ് സമരം പിന്‍വലിച്ചതോടെ ആസ്​പത്രികളുടെ പ്രവര്‍ത്തനം സാധാരണനിലയിലായി.

സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്കെതിരേ വിവിധ ആസ്​പത്രികളില്‍ രോഗികള്‍ പ്രതിഷേധിച്ചു. ചികിത്സലഭിക്കാതെ രോഗി മരിച്ചെന്ന് ആരോപിച്ച് ചാമരാജനഗറിലെ ജെ.എസ്.എസ്. ആസ്​പത്രിയില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ചികിത്സയിലിരുന്ന മല്ലേഷ് (40) ആണ് മരിച്ചത്. ധാര്‍വാഡിലെ രാമനഗൗഡ ആസ്​പത്രിയില്‍ നവജാതശിശുവിന് ചികിത്സ നിഷേധിച്ചതായും ആരോപണമുണ്ട്.

ആസ്​പത്രികളിലെത്തിയതിനു ശേഷമാണ് പലരും സമരത്തെക്കുറിച്ചറിയുന്നത്. ഇതോടെ ക്ഷുഭിതരായവര്‍ ആസ്​പത്രി ജീവനക്കാരുമായി കലഹിച്ചു. അതേസമയം നഗരത്തിലെ സര്‍ക്കാര്‍ ആസ്​പത്രികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജോലിക്കെത്തിയ ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജുകള്‍ ധരിച്ചു. നൂറോളം ഡോക്ടര്‍മാര്‍ ബെംഗളൂരുവിലെ മൈസൂരു ബാങ്ക് സര്‍ക്കിളില്‍ പ്രതിഷേധപ്രകടനം നടത്തി. ശിവമോഗ ജില്ലാ ആസ്ഥാനത്തും ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.

ശിവമോഗയിലെ പീഡിയാട്രിക് ആസ്​പത്രിയില്‍ കുഞ്ഞുങ്ങളുമായെത്തിയവര്‍ ചികിത്സകിട്ടാതെ മടങ്ങി. കുട്ടികളുടെ ചികിത്സയില്‍ പേരുകേട്ട ആസ്​പത്രി അടച്ചിട്ടതില്‍ വ്യാപകപ്രതിഷേധമാണുണ്ടായത്. എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല ജനവിരുദ്ധമായ ബില്ലിനെതിരേയാണ് സമരമെന്ന് നിലപാടിലായിരുന്നു ഡോക്ടര്‍മാര്‍. ഇതോടെ കുട്ടികളുമായി എത്തിയവര്‍ സര്‍ക്കാര്‍ ആസ്​പത്രികളില്‍ ചികിത്സതേടി.