ബെംഗളൂരു: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയറിലെ മികച്ച ഇന്നിങ്‌സുകള്‍ കോര്‍ത്തിണക്കിയ മൊബൈല്‍ ക്രിക്കറ്റ് ഗെയിം ബെംഗളൂരില്‍ പുറത്തിറക്കി. ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ജെറ്റ്‌സിന്തസിസാണ് 'സച്ചിന്‍ സാഗ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്' എന്ന പേരിലുള്ള ഗെയിം അവതരിപ്പിച്ചത്. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍, ജെറ്റ് സിന്തസിസ് നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, മാനേജിങ് ഡയറക്ടര്‍ രാജന്‍ നവാനി എന്നിവര്‍ ചേര്‍ന്ന് മൊബൈല്‍ ഗെയിം പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഫോണില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

സച്ചിന്റെ ക്രിക്കറ്റ് ജീവിതവും ശൈലിയും പുതുതലമുറയ്ക്ക് പരിചയപ്പെടാന്‍ സഹായിക്കുന്ന വിധത്തിലാണ് ഗെയിം ഒരുക്കിയിരിക്കുന്നത്. ഗെയിം കളിക്കുന്നവര്‍ക്ക് സച്ചിനായി മാറാനുള്ള അവസരമാണ് ലഭിക്കുക. സച്ചിന്റെ കരിയറിലെ മികച്ച ഇന്നിങ്‌സുകള്‍ മൊബൈലില്‍ കളിക്കാന്‍ സാധിക്കും. 'ബ്രയന്‍ ലാറ ക്രിക്കറ്റ്', 'റിക്കി പോണ്ടിങ് ക്രിക്കറ്റ്' എന്നിങ്ങനെ താരങ്ങളുടെ പേരില്‍ മൊബൈല്‍ ക്രിക്കറ്റ് ഗെയിം ഉണ്ടായിരുന്നെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരില്‍ ഇതുവരെ ഗെയിം ഉണ്ടായിരുന്നില്ല.

ക്രിക്കറ്റ് ആസ്വാദകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരാനും ഇവരെ തന്റെ ക്രിക്കറ്റ് ജീവിതത്തിലൂടെ കൊണ്ടു പോകാനുമാണ് 'സച്ചിന്‍ സാഗാ ഗെയിം' രൂപവത്കരിച്ചതെന്ന് സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റ് പ്രേമികള്‍ക്ക് ആസ്വാദനത്തിനുള്ള എല്ലാ ചേരുവകളോടും കൂടിയാണ് ഗെയിം പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ഗെയിമിനോടുള്ള തന്റെ ഇഷ്ടവും താരം തുറന്നുപറഞ്ഞു. 2003-ലെ ലോകകപ്പിനിടയിലും മറ്റു പ്രധാന ടൂര്‍ണമെന്റുകള്‍ക്കിടയിലും വീഡീയോ ഗെയിമിന് സമയം കണ്ടെത്തിയിരുന്നതായി സച്ചിന്‍ പറഞ്ഞു.