ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ദക്ഷിണ കന്നഡ ജില്ലകളിലും കുടകിലും വെള്ളിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകില്‍ ടിപ്പു ജയന്തി വിരോധി ഹൊരാട്ട സമിതി വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് കൂടുതല്‍ പോലീസിനെ നിയോഗിച്ചു. നവംബര്‍ പത്തിനാണ് സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്നത്. ജയന്തി ആഘോഷത്തെ എതിര്‍ത്തുകൊണ്ടുള്ള റാലികള്‍ അനുവദിക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
അതിനിടെ ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ബെംഗളൂരുവിലും മറ്റു ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടന്നു. കുടകില്‍നിന്നുള്ള സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ടിപ്പു ജയന്തി ആഘോഷം ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി. വ്യക്തമാക്കിയിട്ടുണ്ട്. ജയന്തി ആഘോഷ പരിപാടിയില്‍ ബി.ജെ.പി. നേതാക്കളും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കില്ല. ജയന്തി ആഘോഷം ഔദ്യോഗിക പരിപാടിയായതിനാല്‍ സ്ഥലത്തെ ജനപ്രതിനിധികളെയും മന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കാറുണ്ട്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കരുതെന്ന് ബി.ജെ.പി. നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു.