ബെംഗളൂരു: നോട്ടുനിരോധനത്തെ എതിര്‍ത്ത്‌ േകാണ്‍ഗ്രസും അനുകൂലിച്ച് ബി. ജെ.പി.യും നഗരത്തില്‍ റാലിയും ധര്‍ണയും സംഘടിപ്പിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഫ്രീഡം പാര്‍ക്കിലേക്ക് നടന്ന പ്രതിഷേധറാലിയില്‍ നൂറുക്കണക്കിന് പേര്‍ പങ്കെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി പരമേശ്വര, മന്ത്രി രാമലിംഗ റെഡ്ഡി, എ.ഐ. സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടറാവു എന്നിവര്‍ പങ്കെടുത്തു. നോട്ടു നിരോധനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

കള്ളപ്പണത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്ന് ദിനേഷ് ഗുണ്ടുറാവു കുറ്റപ്പെടുത്തി. പ്രചാരത്തിലുണ്ടായിരുന്ന 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. ഇതോടെ കള്ളപ്പണം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് നേരേയുള്ള സര്‍ജിക്കല്‍ ആക്രമണമായിരുന്നു നോട്ടു നിരോധനമെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് നേരിട്ടറിഞ്ഞതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത റിബണ്‍ ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്. നോട്ടു നിരോധനത്തെ അനുകൂലിച്ച് ബി.ജെ.പി. ജില്ലാ ആസ്ഥാനങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. നോട്ടു നിരോധനത്തിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന ചര്‍ച്ചകളാണ് സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ പണമിടപട് വര്‍ധിച്ചെന്ന അവകാശവാദമാണ് ബി.ജെ.പി. ഉയര്‍ത്തിയത്.