ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ടുതീവണ്ടികള്‍ ബാനസവാടിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) 18-ന് സിറ്റി റെയില്‍വേസ്റ്റേഷനില്‍ ധര്‍ണ നടത്തും. ബെംഗളൂരുവിലെ വിവിധ മലയാളിസംഘടനകള്‍ പങ്കെടുത്ത ഫോറത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

സിറ്റി റെയില്‍വേസ്റ്റേഷനില്‍നിന്ന് യാത്രതുടങ്ങിയിരുന്ന ബെംഗളൂരു- എറണാകുളം എക്‌സ്്പ്രസ്, ബെംഗളൂരു- എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്്പ്രസ് എന്നിവയാണ് ജനുവരി മുതല്‍ ബാനസവാടിയിലേക്ക് മാറ്റുന്നത്. യാത്രാസൗകര്യങ്ങള്‍ കുറഞ്ഞ ഈ സ്റ്റേഷനില്‍ എത്തിപ്പെടാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഈ തീവണ്ടികള്‍ മൈസൂരുവിലേക്ക് മാറ്റിയാല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും.

ബെംഗളൂരുവിലെ മലയാളികളുടെ ഈ ആവശ്യങ്ങളോട് കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ മുഖം തിരിച്ചുനില്‍ക്കുകയാണെന്ന് യോഗം ആരോപിച്ചു. ചെയര്‍മാന്‍ ആര്‍.വി. ആചാരി അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ആര്‍. മുരളീധരന്‍, ജോയിന്റ് കണ്‍വീനര്‍ കുഞ്ഞപ്പന്‍, ഖജാന്‍ജി പി.എ. ഐസക്, മെറ്റി കെ. ഗ്രേസ് എന്നിവര്‍ നേതൃത്വം നല്‍കി. കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി, നായര്‍ സേവാ സംഘ് കര്‍ണാടക, കാരുണ്യ ബെംഗളൂരു, കെ.എം.സി.സി., എം.എം.എ, നോര്‍ത്ത് വെസ്റ്റ് കേരളസമാജം, സുവര്‍ണ കര്‍ണാടക കേരളസമാജം, മാപ്പിള ആര്‍ട്‌സ്, തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍, ദൂരവാണിനഗര്‍ കേരള സമാജം, കൈരളി കള്‍ച്ചറള്‍ അസോസിയേഷന്‍, കൈരളി കലാസമിതി, എയ്മ, സി.പി.എ.സി., തുടങ്ങിയ വിവിധ സംഘടനാ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.