ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരേ നഗരത്തില്‍ വേറിട്ട പ്രതിഷേധം. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനുപകരം രാജ്യത്തെ ധീരവനിതകളുടെ പേരിലാണ് ആഘോഷം നടത്തേണ്ടതെന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം നടന്നത്. ഇതിനായി ഹൈദര്‍ അലിയുടെ സേനക്കെതിരേ പടപൊരുതിയ സൈനികന്റെ ഭാര്യ ഒനകേ ഒബാവ(onake Obavva)യുടെ വേഷമണിഞ്ഞാണ് സ്ത്രീകള്‍ പ്രതിഷേധത്തിനെത്തിയത്. ബി.ജെ.പി.യുടെ പിന്തുണയോടെ വീരവനിത ഒബാവ ഹോരാട്ട സമിതിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ മൈസൂരു ബാങ്ക് സര്‍ക്കിളില്‍ പ്രതിഷേധം നടത്തിയത്.

ന്യൂനപക്ഷ പ്രീണനനയം ഉപേക്ഷിക്കണമെന്നും ടിപ്പു ജയന്തി ആഘോഷത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 60 വര്‍ഷമായി നമ്മള്‍ ടിപ്പു ജയന്തി ആഘോഷിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാര്‍ചെലവില്‍ ടിപ്പു ജയന്തി ആഘോഷിക്കുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യംവെക്കുന്നത് -ബി.ജെ.പി. എസ്.സി. മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി ചിന്ന രാമു പറഞ്ഞു.