ബെംഗളൂരു: കേരളത്തിലെ സോളാര്‍ കമ്മിഷന്‍ റിപ്പേര്‍ട്ടില്‍ പരാമര്‍ശ വിധേയനായ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കര്‍ണാടക ചുമതലയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ധര്‍ണനടന്നു. നഗരത്തില്‍ ആനന്ദ റാവു സര്‍ക്കിളില്‍ നടന്ന ധര്‍ണയ്ക്ക് ബി.ജെ.പി. നേതാവ് ശോഭ കരന്തലജെ എം.പി. നേതൃത്വം നല്‍കി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകത്തിലെ പാര്‍ട്ടി ചുമതലയില്‍നിന്ന് വേണുഗോപാലിനെ മാറ്റണമെന്ന് ശോഭാ കരന്തലജെ ആവശ്യപ്പെട്ടു.
 
ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഗൗരവമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ലൈംഗിക ആരോപണം നേരിടുന്ന വേണുഗോപാലിനെ കര്‍ണാടക ചുമതലയില്‍നിന്നും മാറ്റാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തയ്യാറാകണമെന്നുമാവശ്യപ്പെട്ടു. കര്‍ണാടകത്തില്‍ വേണുഗോപാല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കരിങ്കൊടി ഉയര്‍ത്തുമെന്നും ചുമതലയില്‍ നിന്നു മാറ്റിയില്ലെങ്കില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാന ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബി.ജെ.പി. മഹിളാ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.