ബെംഗളൂരു: രാത്രികാലങ്ങളിലും പുലർച്ചെയും നഗരത്തിലെത്തുന്ന യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവം കൂടുന്നു. ശാന്തിനഗർ, മജസ്റ്റിക്, കലാസിപ്പാളയം, സാറ്റലൈറ്റ് എന്നിവിടങ്ങളിലെത്തുന്ന യാത്രക്കാരാണ് കവർച്ചയ്ക്കിരയാകുന്നത്.

ബുധനാഴ്ച രാത്രി ജോലി ആവശ്യാർഥം സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലെത്തിയ വയനാട് മേപ്പാടി സ്വദേശികളായ ആശിഖ്, അജ്നാസ്, മുബഷീർ എന്നീ യുവാക്കളാണ് കവർച്ചയ്ക്കിരയായത്. ഇവർ മജസ്റ്റിക്കിലേക്ക് ഓട്ടോ വിളിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ വഴിയിൽനിന്ന് മറ്റു രണ്ടുപേർ കയറി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഓട്ടോ നിർത്തി മൊബൈൽ, എ.ടി.എം. കാർഡ്, പണം എന്നിവ പിടിച്ചുപറിക്കുകയും മർദിക്കുകയും ചെയ്തു. കവർച്ചയ്ക്കുശേഷം ഇവരെ റോഡിൽ ഇറക്കിവിട്ടു. മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകരായ മുഹമ്മദ് മൗലവി, സി.എം. അശ്‌റഫ്, മുഹമ്മദലി, മുഹമ്മദ് റഫീഖ്, അഷറഫ് മൗലവി എന്നിവർ കലാസിപ്പാളയ പോലീസ് സ്റ്റേഷനിലും പിന്നീട് ജെ.ജെ. നഗർ പോലീസ് സ്റ്റേഷനിലും പരാതികൾ നൽകി. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ഉടൻ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പുനൽകി.