ബെംഗളൂരു: നഗരത്തില്‍ അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ബൈക്ക് ആംബുലന്‍സുകള്‍ വരുന്നു. ബൃഹദ് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) ആരോഗ്യവിഭാഗമാണ് ബൈക്ക് ആംബുലന്‍സുകള്‍ പുറത്തിറക്കുന്നത്. ഉടന്‍ തന്നെ 100 ബൈക്ക് ആംബുലന്‍സുകള്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത കൗണ്‍സിലില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചേക്കും.

അപകടസ്ഥലങ്ങളില്‍ ഇവയ്ക്ക് വേഗത്തിലെത്താനാകും. പ്രാഥമിക ചികിത്സാ സൗകര്യങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരും ബൈക്ക് ആംബുലന്‍സുകളിലുണ്ടാകുമെന്ന് ബി.ബി.എം.പി. ആരോഗ്യവിഭാഗം ചെയര്‍മാന്‍ മുജാഹിദ് പാഷ പറഞ്ഞു. ഇടുങ്ങിയ റോഡുകളില്‍ സാധാരണ ആംബുലന്‍സുകള്‍ക്ക് എത്താനാകില്ലെന്ന പരാതികള്‍ ഇതിലൂടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ 198 വാര്‍ഡുകളിലെയും പ്രധാന കേന്ദ്രങ്ങളിലായിരിക്കും ബൈക്ക് ആംബുലന്‍സുകളുണ്ടാവുക. പദ്ധതിക്കായി അഞ്ചുകോടി രൂപ ബി.ബി.എം.പി. യുടെ ബജറ്റില്‍ നിന്ന് ലഭിക്കും. അടുത്ത കൗണ്‍സിലില്‍ അനുമതി ലഭിച്ചാലുടന്‍ തന്നെ കരാര്‍ ക്ഷണിക്കുമെന്നും മുജാഹിദ് പാഷ പറഞ്ഞു. കര്‍ണാടക ഡ്രഗ് ലോജിസ്റ്റിക്‌സ് വെയര്‍ഹൗസിങ് സൊസൈറ്റിയാകും ബൈക്ക് ആംബുലന്‍സുകളിലേക്കുള്ള മരുന്നുകള്‍ ലഭ്യമാക്കുക. നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷനില്‍നിന്ന് പദ്ധതിക്കായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്.

100 ബൈക്ക് ആംബുലന്‍സുകളില്‍ പകുതി വനിതാ ഡ്രൈവര്‍മാരായിരിക്കും കൈകാര്യം ചെയ്യുക. ബി.ബി.എം.പി. ഹെല്‍പ്പ്‌ലൈന്‍ രൂപവത്കരിച്ച് 108 എമര്‍ജന്‍സി നമ്പറുമായി ബന്ധിപ്പിക്കും. 2015-ല്‍ നഗരത്തില്‍ 21 ബൈക്ക് ആംബുലന്‍സുകള്‍ പുറത്തിറക്കിയിരുന്നെങ്കിലും വേണ്ടത്ര വിജയിച്ചിരുന്നില്ല.