ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി. ശനിയാഴ്ച 22 പ്രത്യേക സര്‍വീസുകള്‍ നടത്തും. കേരള ആര്‍.ടി.സി.യും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. പ്രത്യേക ബസുകളിലെല്ലാം ടിക്കറ്റുകള്‍ തീര്‍ന്നു. യാത്രത്തിരക്ക് ക്രമാതീതമായി കൂടിയാല്‍ മാത്രമേ നിലവില്‍ പ്രഖ്യാപിച്ചവയില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ചയും കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകളുണ്ടാകും. അതേസമയം, വെള്ളിയാഴ്ച കര്‍ണാടക ആര്‍.ടി.സി. കേരളത്തിലേക്ക് 58 പ്രത്യേക സര്‍വീസുകളാണ് നടത്തിയത്. ഓണാവധിക്ക് ഏറ്റവും കൂടുതല്‍ മലയാളികള്‍ നാട്ടിലേക്കുപോയത് വെള്ളിയാഴ്ചയാണ്. കേരളത്തിലേക്കുള്ള എല്ലാ ബസുകളും നിറയെ യാത്രക്കാരുമായിട്ടാണ് സര്‍വീസ് നടത്തിയത്. തീവണ്ടികളിലും യാത്രക്കാരുടെ തിരക്കായിരുന്നു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ കാലുകുത്താന്‍ സ്ഥലമില്ലാത്ത രീതിയിലായിരുന്നു തിരക്ക്.

കേരളത്തിലേക്കുള്ള സ്വകാര്യബസുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കേരള-കര്‍ണാടക ആര്‍.ടി.സി. ബസുകളിലും തീവണ്ടികളിലും ടിക്കറ്റ് ലഭിക്കാതെ വരുന്നവരാണ് സ്വകാര്യബസുകളെ ആശ്രയിക്കുന്നത്. നാട്ടിലെത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തവരാണ് സ്വകാര്യബസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുന്നവരാണ് പലരും. ഒന്നിലധികം യാത്രക്കാര്‍ ഒരുമിച്ചുള്ള കാര്‍പൂളിങ്ങിനെ ആശ്രയിക്കുന്നവരും നിരവധിയാണ്.