ബെംഗളൂരു: മുംബൈയില്‍ പബ്ബുകളിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിച്ച സാഹചര്യത്തില്‍ ബെംഗളൂരുവിലും കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത പബ്ബുകളില്‍ സുരക്ഷയൊരുക്കണമെന്ന് കര്‍ണാടക അഗ്നിരക്ഷാസേന നിര്‍ദേശംനല്‍കി. അഗ്നിരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാറുകളിലെയും പബ്ബുകളിലെയും വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നും അഗ്നി രക്ഷാസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കെട്ടിടങ്ങളുടെ മട്ടുപ്പാവില്‍ പ്രവര്‍ത്തിക്കുന്നവയാണ് നഗരത്തിലെ ഭൂരിഭാഗം പബ്ബുകളും. വീതികുറഞ്ഞ കോണിപ്പടികളാണ് ഇവിടേക്ക് കയറാനുള്ള വഴി. അപകടമുണ്ടായാല്‍ രക്ഷപ്പെടാന്‍ മറ്റുവഴികളില്ല. ഇടുങ്ങിയ റോഡുകളില്‍ പ്രവര്‍ത്തിക്കുന്ന പബ്ബുകളില്‍ അഗ്നിരക്ഷാസേനയ്ക്ക് എത്തിപ്പെടാനും ബുദ്ധിമുട്ടുണ്ട്.

ആവശ്യമായ രേഖകളും സുരക്ഷാസംവിധാനങ്ങളുമില്ലാതെ പ്രവര്‍ത്തിച്ച മൂന്നു പബ്ബുകള്‍ ഇന്ദിരാനഗറില്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ പൂട്ടിച്ചിരുന്നു. കെട്ടിടങ്ങള്‍ക്കുമുകളില്‍ മട്ടുപ്പാവില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ബാറുകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. അപകടം സംഭവിച്ചാല്‍ അഗ്നിരക്ഷാ സേനയ്ക്ക് എത്തിപ്പെടാനുള്ള സൗകര്യം ഇവിടെ പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ക്കില്ല. അറുപതോളം പബ്ബുകളാണ് ഇന്ദിരാ നഗറില്‍ കെട്ടിടങ്ങളുടെ മട്ടുപ്പാവില്‍ പ്രവര്‍ത്തിക്കുന്നത്.

ഡിസംബര്‍ 31-ന് ഇന്ദിരാനഗറില്‍ കര്‍ശനസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഈസ്റ്റ് എ.സി.പി. ക്ക് പരാതിനല്‍കി. അനധികൃത പബ്ബുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുക, മറ്റു പബ്ബുകള്‍ രാത്രി 10-നു ശേഷം 45 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്നത് വിലക്കുക തുടങ്ങിയവയാണ് പ്രദേശവാസികളുടെ മറ്റ് ആവശ്യങ്ങള്‍.

സുരക്ഷ പ്രധാനം

എം.ജി. റോഡിലും ബ്രിഗ്രേഡ് റോഡിലും ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയായി. അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ വലിയ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്യാമറകള്‍ നിരീക്ഷണത്തിനുണ്ടെന്ന അറിയിപ്പും ഇതിനൊപ്പമുണ്ട്. പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്ന മുഴുവന്‍ സ്ഥലങ്ങളിലും സുരക്ഷാസംവിധാനങ്ങള്‍ പോലീസ് വിലയിരുത്തി. ആവശ്യമെങ്കില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മൈക്ക് സെറ്റുകളും പോലീസ് സ്ഥാപിച്ചിട്ടുണ്ട്.

15,000 പോലീസുകാരാണ് നഗരത്തില്‍ ഞായറാഴ്ച സുരക്ഷയൊരുക്കുക. വനിതാപോലീസുകാരും സാധാരണ യൂനിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും. 750 പോലീസ് വാഹനങ്ങളാണ് പട്രോളിങ് നടത്തുക. ബാറുകള്‍ക്കും പബ്ബുകള്‍ക്കും പുലര്‍ച്ചെ രണ്ടുമണിവരെ പ്രവര്‍ത്തിക്കാം. നിര്‍ദേശം തെറ്റിക്കുന്ന ബാര്‍, പബ്ബ് ഉടമകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. റോഡില്‍ കുപ്പി വലിച്ചെറിയുന്നവരെയും സ്ത്രീകളോട് മോശമായി പെരുമാറുന്നവരെയും അറസ്റ്റ്‌ചെയ്ത് നീക്കും.

നന്ദിഹില്‍സില്‍ ആഘോഷമില്ല

പ്രധാന ആഘോഷകേന്ദ്രമായ നന്ദി ഹില്‍സില്‍ ഇത്തവണ ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തി. ഞായറാഴ്ച വൈകീട്ട് നാലുമുതല്‍ ജനുവരി ഒന്ന് രാവിലെ എട്ടുവരെ ഇവിടേക്കുള്ള പ്രവേശനം വിലക്കി. ചിക്കബെല്ലാപുര എസ്.പി.യാണ് ഉത്തരവിറക്കിയത്. ഒഴിവുദിവസങ്ങളില്‍ ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്കും സുരക്ഷാ കാരണങ്ങളും മുന്‍നിര്‍ത്തിയാണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍നിന്ന് ഒട്ടേറെപ്പേര്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തുന്ന സ്ഥലങ്ങളിലൊന്നാണ് നന്ദിഹില്‍സ്.

ഗതാഗതത്തിന് നിയന്ത്രണം

ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നഗരത്തില്‍ കൂടുതല്‍ പരിശോധന നടത്താനാണ് ട്രാഫിക് പോലീസ് ലക്ഷ്യമിടുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ നഗരത്തിലേക്ക് വരുന്ന വാഹനങ്ങളും പോകുന്ന വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഗതാഗതനിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരേ വിട്ടുവീഴ്ചയുണ്ടാകില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ രാത്രി ഒമ്പതുമണിമുതല്‍ പരിശോധന കര്‍ശനമാക്കും. എം.ജി. റോഡിലേക്ക് നാലുമണിമുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഹൊസൂര്‍റോഡ്, റിച്ച്മണ്ട് റോഡ്, ബി.ജി.എസ്. എന്നീ ഫ്‌ളൈ ഓവറുകള്‍ രാത്രി പത്തുമണിമുതല്‍ അടച്ചിടും. സമീപറോഡുകളില്‍ കര്‍ശന പരിശോധയും ഉണ്ടാകും. രണ്ടുമണിവരെ മെട്രോ ട്രെയിനുകള്‍ ഓടും.

ആദ്യത്തെ പെണ്‍കുട്ടിക്ക് സൗജന്യവിദ്യാഭ്യാസം

നഗരപരിധിയിലെ സര്‍ക്കാര്‍ ആസ്​പത്രിയില്‍ സാധാരണപ്രസവത്തില്‍ ജനിക്കുന്ന ആദ്യ പെണ്‍കുട്ടിക്ക് ബിരുദംവരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ പദ്ധതി. പെണ്‍കുട്ടിയുടെയും കോര്‍പ്പറേഷന്‍ കമ്മിഷണറുടെയും പേരില്‍ നിക്ഷേപിക്കുന്ന അഞ്ചുലക്ഷം രൂപയുടെ പലിശയില്‍ നിന്നാണ് കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്തുക.