ബെംഗളൂരു: ക്രമസമാധാന ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അംഗങ്ങളുടെ പരാമര്‍ശം നിയമസഭയില്‍ ബഹളത്തിനിടയാക്കി. ബി.ജെ.പി. കൗണ്‍സിലര്‍ രേഖയുടെ ഭര്‍ത്താവ് കതിരേഷ് കൊല്ലപ്പെട്ടത് ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി. അംഗങ്ങള്‍ സഭ തുടങ്ങിയപ്പോള്‍ സര്‍ക്കാരിനെതിരേ തിരിഞ്ഞത്. ഓരോ ദിവസവും പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണ്. ഇന്ന് കതിരേഷ് നാളെ ആരാകും കൊല്ലപ്പെടുകയെന്ന ചോദ്യത്തിന് ബി.ജെ.പി. അംഗം സി.ടി. രവി എന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ മറുപടിപറയുകയായിരുന്നു. ഇതാണ് സഭ ബഹളത്തില്‍ മുങ്ങാന്‍ കാരണം. എന്നെ വധിക്കാന്‍ നിങ്ങള്‍ പദ്ധതിയിട്ടാലും ഭയക്കില്ല എന്ന് സി.ടി. രവി മറുപടിയും പറഞ്ഞു.
 
കോണ്‍ഗ്രസ് അംഗങ്ങളുടെ മനസ്സിലുള്ളതാണ് പുറത്തുവന്നതെന്നും ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ എങ്ങനെ ജീവിക്കാന്‍ കഴിയുമെന്നും ബി.ജെ.പി. അംഗങ്ങള്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ നയമാണ് പുറത്തുവന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പ്രതിപക്ഷനേതാവ് ജഗദീഷ് ഷെട്ടാര്‍ ആരോപിച്ചു. ചില കോണ്‍ഗ്രസ് അംഗങ്ങളുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. അംഗങ്ങള്‍ സഭാതളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മന്ത്രി കൃഷ്ണ ബൈരഗൗഡ ചില അംഗങ്ങളുടെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, പരാമര്‍ശം നടത്തിയ അംഗങ്ങള്‍ മാപ്പുപറയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. അടുത്തിടെ സി.ടി. രവിക്ക് ഭീഷണിക്കത്ത് ലഭിച്ച കാര്യം ബി.ജെ.പി. സഭയില്‍ ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പരാമര്‍ശം ഗൗരവത്തോടെ കാണണമെന്ന് ബി.ജെ.പി. നേതാവ് ജീവരാജ് ആവശ്യപ്പെട്ടു.
 
സഭയില്‍ നടത്തിയ പരാമര്‍ശത്തിന് ഭീഷണിക്കത്തുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബി.ജെ.പി. അംഗങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ബെംഗളൂരുവില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളുടെ കണക്കുകള്‍ ആര്‍. അശോക് സഭയില്‍ വിശദീകരിച്ചു. ആര്‍ക്കും ആരെയും കൊല്ലുമെന്ന അവസ്ഥയിലേക്ക് നഗരം മാറിയെന്നും ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കതിരേശിനെ വധിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് ജഗദീഷ് ഷെട്ടാര്‍ ആവശ്യപ്പെട്ടു.